Friday December 09, 2016
Latest Updates

രക്ഷിതാക്കള്‍ ദേഷ്യപ്പെട്ടു; വീട്ടുവിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ പത്തനംതിട്ടയില്‍ പിടിയിലായി

രക്ഷിതാക്കള്‍ ദേഷ്യപ്പെട്ടു;  വീട്ടുവിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ പത്തനംതിട്ടയില്‍ പിടിയിലായി

പത്തനംതിട്ട: രക്ഷിതാക്കള്‍ ദേഷ്യപ്പെട്ടതിന് വീട്ടില്‍ നിന്ന് ഒളിച്ചോടി എത്തിയ മൂന്നു സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ നഗരസഭാംഗത്തിന്റെ സഹായത്തോടെ പൊലീസിന്റെ പിടിയിലായി. തുടര്‍ന്ന് മാതാപിതാക്കളും നാട്ടില്‍ നിന്നുള്ള പൊലീസുമെത്തി കുട്ടികളെ തിരികെ കൊണ്ടുപോയി. കൊല്ലം നീണ്ടകര സ്വദേശികളാണ് ഇവര്‍.

ഇന്നലെ ഉച്ചയോടെ വെട്ടിപ്രത്ത് വച്ച് സംശയാസ്പദ സാഹചര്യത്തില്‍ നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ റോസ്‌ലിന്‍ സന്തോഷാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. വീട്ടിലേക്കു വിളിച്ചുവരുത്തി ചോദിച്ചപ്പോള്‍ ജോലി അന്വേഷിച്ചെത്തിയതാണെന്നായിരുന്നു മറുപടി. പ്രായം ചോദിച്ചപ്പോള്‍ പതിനൊന്നും പതിമൂന്നും വയസ്സേ ഉള്ളൂ എന്നായി. സഹോദരികളാണെന്ന് ആദ്യം പറഞ്ഞെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ അത് നുണയാണെന്നു മനസ്സിലായി. പണമായി 140 രൂപയേ കുട്ടികളുടെ കയ്യില്‍ ഉണ്ടായിരുന്നുള്ളു. സ്വര്‍ണാഭരണങ്ങളുമുണ്ടായിരുന്നു.

അനാഥാലയത്തില്‍ നിന്നു വന്നതാണെന്നു കുട്ടികള്‍ പറഞ്ഞെങ്കിലും അനാഥാലയത്തിന്റെ വിലാസം ചോദിച്ചപ്പോള്‍ കുട്ടികള്‍ക്ക് ഉത്തരമുണ്ടായില്ല. തുടര്‍ന്ന് ഇവര്‍ പഠിക്കുന്ന സ്‌കൂളിന്റെ പേരു പറയാന്‍ നിര്‍ബന്ധിതരായി. റോസ്‌ലിന്‍ നീണ്ടകരയിലെ സ്‌കൂളുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെ നിന്നു കുട്ടികളെ കാണാതായിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഡിവൈഎസ്പി ഓഫിസില്‍ കുട്ടികളെ എത്തിച്ചപ്പോഴേക്കും ഇവരെ കാണാതായതു സംബന്ധിച്ച് ചവറ സ്‌റ്റേഷനില്‍ നിന്നു സന്ദേശമെത്തിയിരുന്നു. വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ആദ്യം കണ്ട ബസില്‍ കയറി മൂന്നുപേരുംകൂടി പത്തനംതിട്ടയില്‍ എത്തുകയായിരുന്നുവെന്നു പറയുന്നു.

ഇതിനിടെ സ്‌കൂളില്‍ എത്തിയ രക്ഷിതാക്കളോട് പത്തനംതിട്ടയിലേക്കു തിരിക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. രാത്രി വൈകി സ്‌റ്റേഷനില്‍ എത്തിയത് ഒരു കുട്ടിയുടെ മാതാപിതാക്കള്‍ മാത്രമാണ്. മറ്റു കുട്ടികളുടെ ബന്ധുക്കളെന്നു പറഞ്ഞ് ചിലര്‍ എത്തിയെങ്കിലും അവരോടൊപ്പം വിടാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് ചവറയില്‍ നിന്നുള്ള വനിതാ പൊലീസ് അടങ്ങുന്ന സംഘം പത്തനംതിട്ടയിലെത്തി മറ്റുകുട്ടികളേയും കൂട്ടിക്കൊണ്ടുപോയി.

Scroll To Top