Sunday December 04, 2016
Latest Updates

യൂറോപ്പില്‍ ഇടത് പാര്‍ട്ടികള്‍ കരുത്തുകാട്ടുന്നു ,യൂറോയുടെ ഭാവി അനിശ്ചിതത്വത്തിലേയ്ക്ക് 

യൂറോപ്പില്‍ ഇടത് പാര്‍ട്ടികള്‍ കരുത്തുകാട്ടുന്നു ,യൂറോയുടെ ഭാവി അനിശ്ചിതത്വത്തിലേയ്ക്ക് 

ഡബ്ലിന്‍: യൂറോപ്പില്‍ ഇടത് പാര്‍ട്ടികള്‍ കരുത്തുകാട്ടുന്നു. യൂറോപ്യന്‍ പാര്‍ലമെന്റ്
തെരഞ്ഞെടുപ്പില്‍ അയര്‍ലണ്ട് ഉള്‍പ്പെടെ യൂറോപ്പിലാകമാനം ഇടതുപക്ഷ പാര്‍ട്ടികള്‍
നിര്‍ണ്ണായക മുന്നേറ്റം കാഴ്ചവച്ചു. അയര്‍ലണ്ടില്‍ ഇടതുപക്ഷ ആശയങ്ങള്‍
ഉയര്‍ത്തിപ്പിടിക്കുന്ന സിന്‍ ഫിന്‍ പാര്‍ട്ടി മുന്‍തൂക്കം നേടിയപ്പോള്‍ ജര്‍മനിയില്‍
ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി
മുന്‍തൂക്കം നേടിയെങ്കിലും യൂറോ വിരുദ്ധ മനോഭാവം ഉള്ളവരെ വോട്ടര്‍മാര്‍ വന്‍ തോതിലാണ് പിന്തുണച്ചത്.

കറന്‍സി എന്ന നിലയില്‍ യൂറോയുടെ വരവിനെ പൊതുവെ എതിര്‍ക്കുകയും പ്രാദേശിക നാണയ സമ്പ്രദായത്തിന് പ്രാധാന്യം നല്‍കുകയും വേണമെന്ന നിലപാടുള്ളവരാണ് പൊതുവേ യൂറോപ്പിലെ ഇടതുപക്ഷ കക്ഷികള്‍.ഇവര്‍ക്ക് നിര്‍ണ്ണായക സ്വാധിനമുള്ള യൂറോപ്യന്‍ പാര്‍ലിമെന്റ് ഔദ്യോഗികനാണയമായ യൂറോയുടെ കാര്യത്തില്‍ എന്ത് തീരുമാനം എടുക്കും എന്ന് സാകൂതം നിരീക്ഷിക്കുകയാണ് സാമ്പത്തിക വിദഗ്ദര്‍.

യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആഞ്ചല മെര്‍ക്കലിന്റെ പാര്‍ട്ടി 36 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍. ജര്‍മനിയിലെ തന്നെ സെന്‍ട്രല്‍ ലെഫ്റ്റ് സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി 27.5 ശതമാനം വോട്ട്‌നേടി.കഴിഞ്ഞ വര്‍ഷം രൂപീകരിച്ച ആന്റി യൂറോ ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി 6.5ശതമാനം വോട്ടുകള്‍ നേടി. ഗ്രീസിലും ഇടതുപക്ഷ ആഭിമുഖ്യമുള്ള പാര്‍ട്ടികള്‍
മുന്‍തൂക്കം നേടുമെന്നാണ് റിപ്പോര്‍ട്ട്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം ഗ്രീസിലെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നിലകൊണ്ട ഇടതു പാര്‍ട്ടികള്‍ മുന്‍തൂക്കം നേടും.

ഗ്രീസിലെ ഇടതുപക്ഷ ആഭിമുഖ്യമുള്ള പാര്‍ട്ടികളില്‍ ഒന്നാമതായി നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പാര്‍ട്ടി സിറിസയാണ്. നിലവിലെ ഭരണകക്ഷിയെക്കാള്‍ സിറിസ ബഹുദൂരം മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സിറിസ 26 മുതല്‍ 30 ശതമാനം വരെ വോട്ടുകള്‍
നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗ്രീസില്‍ നിയോ നാസി പാര്‍ട്ടിയും നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെല്ലാം യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് ഇടത് പാര്‍ട്ടികള്‍ വ്യക്തമായ മുന്‍തൂക്കം നേടുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് യൂറോപ്യന്‍ യൂണിയന്റെ നയങ്ങളോടുള്ള എതിര്‍പ്പ് വ്യക്തമാക്കുന്നതായി രാഷ്ട്രീയവൃത്തങ്ങള്‍വിലയിരുത്തുന്നു.

റൊമാനിയയിലും ലാറ്റ്വിയയിലും വോട്ടിങ്ങ് ശതമാനം കുറവായിരുന്നു. ലാറ്റ്വിയയില്‍ വെറും 30 ശതമാനം പേര്‍ മാത്രമാണ് യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. റൊമാനിയയിലും സമാനമായ സ്ഥിതിയാണ്.

Scroll To Top