Friday December 02, 2016
Latest Updates

‘യു ഡി എഫില്‍ ഉറച്ചു നില്‍ക്കും,ഇടുക്കി വിടില്ല’ : അഭ്യൂഹങ്ങള്‍ക്ക് അറുതിയിട്ട് കെ എം മാണിയും പി ജെ ജോസഫും

‘യു ഡി എഫില്‍ ഉറച്ചു നില്‍ക്കും,ഇടുക്കി വിടില്ല’ : അഭ്യൂഹങ്ങള്‍ക്ക് അറുതിയിട്ട് കെ എം മാണിയും പി ജെ ജോസഫും

കൊച്ചി :ഇടുക്കി സീറ്റും കസ്തൂരിരംഗനും കേരളാ കോണ്‍ഗ്രസിനെ യു ഡി എഫില്‍ നിന്ന് അകറ്റുന്നുവെന്ന രാഷ്ട്രീയ നിരീക്ഷകരുടെ കണ്ടെത്തലിന് പി ജെ ജോസഫിന്റെ വക ക്ലൈമാക്‌സ് ഡെത്ത്. എല്‍ ഡി എഫിലേക്ക് പോകുന്ന കാര്യം ചിന്തിച്ചിട്ടേയില്ലെന്നും യു ഡി എഫില്‍ തന്നെ ഉറച്ച് നിന്ന് മുന്നോട്ട് പോകുമെന്നും അദ്ദേഹം ഇവിടെ പ്രസ്താവിച്ചു.

പി സി ജോര്‍ജ് പറയുന്നത് കാര്യമാക്കേണ്ടതില്ല എന്ന കെ എം മാണിയുടെ വിശദീകരണം കൂടി വന്നതോടെ രാഷ്ട്രീയ രംഗത്ത് ദിവസങ്ങളായി ചൂടേറിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞിരുന്ന വിഷയത്തിന് ഒരു വിധം അറുതിയായി. എന്നാല്‍ മറ്റൊരര്‍ത്ഥത്തില്‍ പാര്‍ട്ടിക്കുള്ളിലെ തന്നെ ആഭ്യന്തര യുദ്ധം കൊഴുപ്പിക്കാനും ജോസഫിന്റെ പ്രസ്താവന ഇടയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതലേ ഇടുക്കി സീറ്റിനായുള്ള അവകാശവാദവുമായി കേരള കോണ്‍ഗ്രസ് രംഗത്തുണ്ടായിരുന്നു. കെ എം മാണിയടക്കമുള്ള നേതാക്കള്‍ ഇത് കോണ്‍ഗ്രസിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നിഷേധാത്മകമായ നിലപാടാണ് അവരില്‍ നിന്നുണ്ടായത്. ഇതേ തുടര്‍ന്ന് ഇങ്ങനെയെങ്കില്‍ പാര്‍ട്ടി മുന്നണി വിടുമെന്ന പൊതുവേ പ്രചരിച്ചിരുന്നു. ചില പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകളും ഇതിന്ആക്കം കൂട്ടി. ഇന്നലെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു കൂടി വിഷയമാക്കി ചീഫ് വിപ്പ് കൂടിയായ പി സി ജോര്‍ജ് നടത്തിയ ചില പ്രസ്താവനകള്‍ കൂടിയായതോടെ പാര്‍ട്ടി മുന്നണി വിടുമെന്ന് നിരീക്ഷകര്‍ ഉറപ്പിച്ചിരുന്നു.

ഇടുക്കി സീറ്റല്ല പ്രധാന വിഷയം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം കേരളത്തിന്റെ മൂന്നിലൊന്ന് വനമേഖലായാകാന്‍ പോകുകയാണ്. ഇങ്ങനെ വന്നാല്‍ പിന്നെ എം പി യും എം എല്‍ എയുമൊന്നുമുണ്ടാകില്ല. ആയതിനാല്‍ തെരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതിന് മുമ്പ് കസ്തീരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ യു ഡി എഫ് വിടുകയല്ലാതെ പാര്‍ട്ടിയുടെ മുമ്പില്‍ വേറെ വഴികളില്ല തുടങ്ങിയവയായിരുന്നു ജോര്‍ജിന്റെ വാക്കുകള്‍. ഇവ്വിഷയത്തില്‍ കെ എം മാണി അടക്കമുള്ള മന്ത്രിമാരും എം എല്‍ എമാരും രാജിവെക്കും എന്നും ജോര്ജ് പറഞ്ഞിരുന്നു.

എന്നാല്‍ എല്ലാ നിരീക്ഷണങ്ങളെയും കാറ്റില്‍ പറത്തുകയാണ് ജോസഫിന്റെ പുതിയ പ്രസ്താവന. ചില അണികളുടെ മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു കഴിഞ്ഞു. അങ്ങനെയാണെങ്കില്‍ ഈ വ്യക്തിഗത അഭിപ്രായങ്ങളും പാര്‍ട്ടിയുടെ ഔദ്യോഗിക അഭിപ്രായവും തമ്മില്‍ വരും ദിനങ്ങളില്‍ തുറന്ന പോരിന് വഴി തെളിയുകയാണ്. അതേ സമയം ഇടുക്കി സീറ്റില്‍ വിട്ടു വീഴ്ചക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സൌഹൃദ മത്സരം ഇടുക്കിയില്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

Scroll To Top