Wednesday December 07, 2016
Latest Updates

യുപിസി ബ്രോഡ്ബാന്‍ഡ് ചൈല്‍ഡ് പോണ്‍ വെബ്‌സൈറ്റുകള്‍ വിലക്കാന്‍ തീരുമാനിച്ചു

യുപിസി ബ്രോഡ്ബാന്‍ഡ് ചൈല്‍ഡ് പോണ്‍ വെബ്‌സൈറ്റുകള്‍ വിലക്കാന്‍ തീരുമാനിച്ചു

ഡബ്ലിന്‍: യുപിസി ബ്രോഡ്ബാന്‍ഡ് ചൈല്‍ഡ് പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ചാണ് യുപിസിയുടെ ഇന്റര്‍നെറ്റ് സര്‍വീസില്‍ നിന്ന് ചൈല്‍ഡ് പോണ്‍ സൈറ്റുകള്‍ വിലക്കാന്‍ തീരുമാനിച്ചത്. ജസ്റ്റിസ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ് ജെറാള്‍ഡും ഇടക്കാല ഗാര്‍ഡ കമ്മീഷണര്‍ നൂറിന്‍ ഒ സുള്ളിവനും യുപിസിയുടെ തീരുമാനം സ്വാഗതം ചെയ്തു. മറ്റ് ഇന്റര്‍നെറ്റ് സേവന ദാതാക്കളും സമാനമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരുവരും പറഞ്ഞു. 

അയര്‍ലണ്ടില്‍ യുപിസി ഉള്‍പ്പെടെ 28 ഇന്റര്‍നെറ്റ് സേവനദാതാക്കളാണ് ഉള്ളത്. ഇതില്‍ യുപിസി മാത്രമാണ് ചൈല്‍ഡ് പോണ്‍ സൈറ്റുകള്‍ വിലക്കാന്‍ സമ്മതിച്ചത്. മറ്റ് കമ്പനികള്‍ കൂടി യുപിസിയുടെ മാതൃക പിന്തുടരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഗാര്‍ഡ കണ്ടെത്തിയ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ അടങ്ങിയ വെബ്‌സൈറ്റുകളുടെ പട്ടിക ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് കൈമാറി. ഈ പട്ടികയില്‍ നിന്നുള്ള വെബ്‌സൈറ്റുകളാണ് യുപിസി വിലക്കുക. ചൈല്‍ഡ് പോണ്‍ സൈറ്റുകള്‍ വിലക്കുന്നത് സംബന്ധിച്ച് മറ്റ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ ബിടി, ഇര്‍കോം, ഇ മൊബൈല്‍, ഒ2, വോഡഫോണ്‍ തുടങ്ങിയ കമ്പനികള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ചൈല്‍ഡ് പോണ്‍ സൈറ്റുകള്‍ വിലക്കുന്നത് സംബന്ധിച്ച് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ് ഓഫ് അയര്‍ലണ്ടുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ഗാര്‍ഡ ഇടക്കാല കമ്മീഷണര്‍ അറിയിച്ചു. ഗാര്‍ഡയുടെ പട്ടികയിലുള്ള വെബ്‌സൈറ്റുകള്‍ ആദ്യം തന്നെ നിരോധിക്കാനുള്ള യുപിസിയുടെ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി ഫിറ്റ്‌സ് ജെറാള്‍ഡ് പറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും അതിന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും ചെയ്യുന്നതും ഹീനമായ പ്രവര്‍ത്തിയാണെന്നും മന്ത്രി പറഞ്ഞു. 

Scroll To Top