Saturday December 10, 2016
Latest Updates

യുഡിഎഫ് 12; എല്‍ഡിഎഫ് 8; ബിജെപി ഇത്തവണയും അക്കൌണ്ട് തുറന്നില്ല; ഇന്നസെന്റിന് അട്ടിമറി ജയം

യുഡിഎഫ് 12; എല്‍ഡിഎഫ് 8; ബിജെപി ഇത്തവണയും അക്കൌണ്ട് തുറന്നില്ല; ഇന്നസെന്റിന് അട്ടിമറി ജയം

കേരളത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഉച്ചയോടെ അവസാന ഫലം പുറത്തുവരുമ്പോള്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത് പോലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് 12 സീറ്റും സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് 8 സീറ്റും നേടി.

തിരുവനന്തപുരം മണ്ഡലം ശശി തരൂര്‍ രണ്ടാം തവണയും നിലനിര്‍ത്തി. 90 ശതമാനത്തിനടുത്ത് വോട്ടുകള്‍ എണ്ണുന്നത് വരെയും ഒ രാജഗോപാല്‍ വ്യക്തമായ ആധിപത്യം നിലനിര്‍ത്തുകയും വിജയിക്കുമെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ അവസാന റൌണ്ടില്‍ ശശി തരൂര്‍ രാജഗോപാലിനെ പിന്തള്ളി മുന്നേറി. (14501) വോട്ടുകളുടെ ഭൂരിപക്ഷമാണ് ശശി തരൂര്‍ നേരിയത്. ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ അവസാന അപ്‌ഡേറ്റുകള്‍ വരുമ്പോള്‍ ഭൂരിപക്ഷത്തില്‍ അല്‍പ്പം കൂടി വ്യത്യാസം വന്നേക്കാം. ആറ്റിങ്ങലില്‍ സിപിഎമ്മിലെ എ സമ്പത്ത് വിജയിച്ചു (66811), കൊല്ലം എന്‍കെ പ്രേമചന്ദ്രന്‍ വിജയിച്ചു (37649) ഇവിടെ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പരാജയപ്പെട്ടത് സിപിഎമ്മിന് വലിയ ആഘാതമായി.

പത്തനംതിട്ടയില്‍ ഒട്ടേറെ പ്രതികൂല സാഹചര്യം ഉണ്ടായിരുന്നിട്ടും സിറ്റിംഗ് എംപി ആന്റോ ആന്റണി ജയിച്ചു (50310). കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വന്ന ഫിലിപ്പോസ് തോമസിനെ മത്സരിപ്പിച്ച്ച്ച പരീക്ഷണം ഇവിടെ അമ്പേ പരാജയപ്പെട്ടു. മാവേലിക്കരയില്‍ കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷ് വിജയിച്ചു (32737). പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ വിജയിച്ചു (20121). കോട്ടയത്ത് സിറ്റിംഗ് എംപി ജോസ് കെ മാണി (116201) വോട്ടുകള്‍ക്ക് വിജയിച്ചു.  ഇടുക്കിയില്‍ ഇടതു സ്വതന്ത്രന്‍ ജോയിസ് ജോര്‍ജ് വിജയിച്ചു (50722). എറണാകുളത്ത് കെവി തോമസ് ( 87047) വോട്ടുകള്‍ക്ക് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ പരാജയപ്പെടുത്തി.

sandidate2

ചാലക്കുടിയിലാണ് കേരളത്തിലെ ഒരു അട്ടിമറി ജയം സംഭവിച്ചത്. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായ പഴയ മുകുന്ദപുരം രൂപം മാറിയ ചാലക്കുടിയില്‍ നിന്ന് ചലച്ചിത്ര താരം ഇന്നസെന്റ് വിജയിച്ചു. കോണ്‍ഗ്രസിന്റെ ദേശീയ വക്താവായ പിസി ചാക്കോയെ അട്ടിമറിച്ച ഇന്നച്ചന്‍ 13884 വോട്ടുകളുടെ ഭൂരിപക്ഷം നേടി. തൃശൂരില്‍ സിപിഐ സ്ഥാനാര്‍ത്ഥി സിഎന്‍ ജയദേവന്‍ (38227) വോട്ടുകള്‍ക്ക് കെപി ധനപാലനെ മലര്‍ത്തിയടിച്ചു. ആലത്തൂര്‍ സിറ്റിംഗ് എം പി പികെ ബിജു (32095) വോട്ടുകള്‍ക്ക് വിജയിച്ചു. പാലക്കാട് എംപി വീരേന്ദ്രകുമാറിനെ (104235) വോട്ടുകള്‍ക്ക് അട്ടിമറിച്ച് സിറ്റിംഗ് എംപി എംബി രാജേഷ് വിജയിച്ചു.

ldf

പരമ്പരാഗത യുഡിഎഫ് മണ്ഡലങ്ങളായ പൊന്നാനിയിലും മലപ്പുറത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പൊന്നാനിയില്‍ ഇടി 25410 വോട്ടിനും മലപ്പുറത്ത് ഇ അഹമ്മദ് 194739 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്. കോഴിക്കോട് കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപി എംകെ രാഘവന്‍ 16883 വോട്ടുകള്‍ക്ക് മണ്ഡലം നിലനിര്‍ത്തി. വയനാട്ടില്‍ എംഐ ഷാനവാസ് 20870 വോട്ടുകള്‍ക്ക് വിജയിച്ചു. വടകര സിറ്റിംഗ് എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ 3306 വോട്ടുകള്‍ക്ക് നിലനിര്‍ത്തി. പികെ ശ്രീമതി ടീച്ചറിലൂടെ സിപിഎം കണ്ണൂര്‍ തിരികെ പിടിച്ചു. 6566 വോട്ടുകള്‍ക്കാണ് പികെ ശ്രീമതി ജയിച്ചത്. കാസര്‍ഗോഡ് പി കരുണാകരന്‍ 6986 വോട്ടുകള്‍ക്ക് മണ്ഡലം നിലനിര്‍ത്തി. എന്നാല്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം കുറഞ്ഞു.

Scroll To Top