Sunday December 11, 2016
Latest Updates

യുഡിഎഫ് വിട്ടുവന്നാല്‍ കെഎം മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് സിപിഐ

യുഡിഎഫ് വിട്ടുവന്നാല്‍ കെഎം മാണിയെ മുഖ്യമന്ത്രിയാക്കാമെന്ന് സിപിഐ

തിരുവനന്തപുരം: കെഎം മാണിയുടെ മുഖ്യമന്ത്രി പദം സംബന്ധിച്ച വിവാദം ചൂട് പിടിച്ചിരിക്കെ മാണിക്ക് അനുകൂല നിലപാടുമായി സിപിഐ. മാണിയും കേരള കോണ്‍ഗ്രസും യുഡിഎഫ് വിട്ടുവന്നാല്‍ മുഖ്യമന്ത്രിയാക്കുന്ന കാര്യം ആലോചിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാന്‍ സിപിഐ ഇല്ലെന്നും പന്ന്യന്‍ വ്യക്തമാക്കി.

നേരത്തെ കേരള കോണ്‍ഗ്രസ് നേതാക്കളായ പിസി ജോര്‍ജും ആന്റണിരാജുവും കെഎം മാണിയെ മുഖ്യമന്തരിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കേരള കോണ്‍ഗ്രസിനെതിരെ യൂത്ത് കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നതിനെച്ചൊല്ലി മുന്നണി നേതൃത്വത്തില്‍ അസ്വാരസ്യം പുകയുന്നതിനിടെയാണ് സിപിഐ മാണി അനുകൂല നിലപാടുമായി രംഗത്ത് വന്നത്. സിപിഎമ്മും നേരത്തെ മാണിയെ പലവട്ടം മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു.

സി പി എം കൂടി സമ്മതിച്ചാല്‍ കേരളാ കോണ്‍ഗ്രസ് ഇനി ഒരിക്കല്‍ കൂടി മുഖ്യമന്ത്രിസ്ഥാനം ‘വിട്ടു കളയേണ്ട എന്ന പൊതു ധാരണയില്‍ കെ എം മാണി എത്തിയിട്ടുണ്ടെന്നാണ് കോട്ടയത്തുനിന്നുള്ള സൂചനകള്‍.ഇടുക്കിയില്‍ കഴിഞ്ഞ ദിവസം ജോസ് കെ മാണി എം പി ചെയ്ത പ്രസ്താവന ഇത്തരം ഒരു ചുവടു മാറ്റത്തിന്റെ തുടക്കമാണ് എന്ന് കരുതുന്നവര്‍ ഏറെയാണ്.മലയോര കര്‍ഷകര്‍ക്ക് പട്ടയം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അമാന്തം കാട്ടിയാല്‍ മുന്നണി വിട്ടു പോകാന്‍ വരെ കേരളാകോണ്‍ഗ്രസ് മടിക്കില്ല എന്നായിരുന്നു ജോസ് കെ മാണിയുടെ പ്രഖ്യാപനം.

ഇനിയുള്ള രണ്ടു വര്‍ഷക്കാലം മുഖ്യമന്ത്രി സ്ഥാനവും,അടുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളും മാണി ഗ്രൂപ്പിന് ഓഫര്‍ ചെയ്തു കൊണ്ടുള്ള ചര്‍ച്ചകള്‍ ചില മാധ്യസ്ഥരുടെ നേതൃത്വത്തില്‍ നടന്നു വരുന്നതായി പാര്‍ട്ടിവൃത്തങ്ങള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.19 ന് ചേരുന്ന പാര്‍ട്ടി ഉന്നതാധികാര സമിതിക്ക് മുന്‍പേ തന്നെ കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ടുപോകാനുള്ള തീരുമാനം ഉണ്ടായേക്കുമെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത് .

Scroll To Top