Saturday December 10, 2016
Latest Updates

യുഡിഎഫും ആത്മവിശ്വാസത്തില്‍; 12 സീറ്റ് നേടുമെന്ന് സര്‍ക്കാര്‍ കെപിസിസി ഏകോപന സമിതി

യുഡിഎഫും ആത്മവിശ്വാസത്തില്‍; 12 സീറ്റ് നേടുമെന്ന് സര്‍ക്കാര്‍ കെപിസിസി ഏകോപന സമിതി

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് 12 സീറ്റുകള്‍ നേടുമെന്ന് യുഡിഎഫ് വിലയിരുത്തല്‍. യുഡിഎഫ് സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തിലാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് ജില്ല നേതൃത്വങ്ങള്‍ നല്കിയ അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. നേരത്തെ യുഡിഎഫ് വിജയപ്രതീക്ഷ വച്ചു പുലര്‍ത്തിയിരുന്ന ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ മണ്ഡലങ്ങള്‍ പരാജയപ്പെടുമെന്നാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തല്‍. ഇടുക്കിയില്‍ കസ്തൂരി രംഗന്‍ വിഷയം കൂടാതെ വെള്ളാപ്പള്ളി നടേശന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതും വിനയായെന്ന് യുഡിഎഫ് വിലയിരുത്തുന്നു.

വെള്ളാപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതോടെ മറ്റ് സമുദായങ്ങളുടെ വോട്ടുകള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന സാഹചര്യമുണ്ടായി. കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി മണ്ഡലങ്ങള്‍ക്ക് പുറമേ കാസര്‍ഗോഡ്, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍ മണ്ഡലങ്ങളിലും യുഡിഎഫ് പരാജയപ്പെടുമെന്ന് കെപിസിസി ഏകോപന സമിതി വിലയിരുത്തുന്നു. ബാക്കി എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളത്. തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപിക്ക് വോട്ട് മറിഞ്ഞു. എന്നാല്‍ ലത്തീന്‍, മുസ്ലീം സമുദായങ്ങളുടെ വോട്ട് എകീകരിക്കപ്പെട്ടത് യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

കൊല്ലത്ത് വിജയ പ്രതീക്ഷ ഉണ്ടെങ്കിലും ചില അടിയൊഴുക്കുകള്‍ യുഡിഎഫ് ക്യാമ്പിലും ആശങ്ക സൃഷ്ടിക്കുന്നു. കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണ് അവലോകന വിശദാംശങ്ങള്‍ വിശദീകരിച്ചത്. സിപിഎം തിരിച്ചടി നേരിടുമെന്ന് യോഗം വിലയിരുത്തി. ബിജെപി വോട്ട് വര്‍ധിപ്പിക്കും. എന്നാല്‍ ഇത്തവണയും ബിജെപിക്ക് അക്കൌണ്ട് തുറക്കാനാകില്ലെന്നും കെപിസിസി വിലയിരുത്തുന്നു.

Scroll To Top