Sunday December 04, 2016
Latest Updates

യുകെജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ച സ്‌കൂള്‍ തുറക്കാന്‍ ഉത്തരവ്

യുകെജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ച സ്‌കൂള്‍ തുറക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: യുകെജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ തിരുവനന്തപുരം കുടപ്പനക്കുന്ന് ജവഹര്‍ സ്‌കൂള്‍ തുറക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് കുട്ടികളുടെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഇന്നലെ കലക്ട്രേറ്റ് മാര്‍ച്ച് നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സ്‌കൂള്‍ തുറക്കാല്‍ തുറക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. സ്‌കൂള്‍ പൂട്ടിയതിനെ തുടര്‍ന്ന് പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് സമീപത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും രക്ഷിതാക്കള്‍ക്ക് ഇത് സ്വീകാര്യമായില്ല.

ജവഹര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ 120 ഓളം രക്ഷിതാക്കളാണ് സ്‌കൂള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്. അധ്യാപകര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ശിക്ഷിക്കണം. എന്നാല്‍ അതിന്റെ പേരില്‍ മറ്റ് വിദ്യാര്‍ത്ഥികളുടെ പഠനം മുടക്കരുതെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ട്. രക്ഷിതാക്കള്‍ ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കാമെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും വ്യക്തമാക്കിയിരുന്നു.

ക്ലാസില്‍ സംസാരിച്ചതിന്റെ ശിക്ഷയായി യുകെജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ചുവെന്നാണ് ആരോപണം ഉയര്‍ന്നത്. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ അവസാന വാരം സ്‌കൂള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിടുകയായിരുന്നു. സംഭവം വിവാദമായതോടെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികലയെ അറസ്റ്റ് ചെയ്തിരുന്നു.

Scroll To Top