Wednesday December 07, 2016
Latest Updates

മൗണ്ട് കാര്‍മല്‍ അടച്ചുപൂട്ടല്‍ :മലയാളി നേഴ്‌സുമാരുടെ ജോലി ഉറപ്പാക്കുമെന്ന് ആശുപത്രി അധികൃതര്‍

മൗണ്ട് കാര്‍മല്‍ അടച്ചുപൂട്ടല്‍ :മലയാളി നേഴ്‌സുമാരുടെ ജോലി ഉറപ്പാക്കുമെന്ന് ആശുപത്രി അധികൃതര്‍

ഡബ്ലിന്‍ :മൗണ്ട് കാര്‍മല്‍ ആശുപത്രിയിലെ പത്തില്‍ താഴെ മാത്രം എണ്ണം വരുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ നേഴ്‌സുമാര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ ജോലി ഉറപ്പാക്കിയിട്ടുണ്ടെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നാണ് ആശുപത്രിയുടെ ഹ്യൂമന്‍ റിസോഴ്‌സസ് വകുപ്പ് അറിയിച്ചത്. മിക്ക ഇന്ത്യന്‍ ജീവനക്കാരുമായും വ്യക്തിപരമായ ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആശുപത്രിയുടെ പ്രവര്‍ത്തനം സാധാരണ പോലെ ഇപ്പോള്‍ നടക്കുന്നുണ്ട്.എന്നാല്‍ പുതിയ ബുക്കിംഗുകള്‍ സ്വീകരിക്കുന്നില്ല .പ്രവര്‍ത്തനം നിര്‍ത്തുന്ന മുറയ്ക്ക് ഭൂരിഭാഗം ജീവനക്കാരെയും പുന:ക്രമീകരിക്കുന്നതിനുള്ള സംവിധാനം ചെയ്യും .എന്നാല്‍ ഇന്ത്യക്കാരായ ജീവനക്കാര്‍ക്ക് എത്രയും പെട്ടന്ന് തന്നെ ഇതിനുള്ള അവസരം നല്‍കാമെന്നാണ് അധികൃതര്‍ കരുതുന്നത്.

ഒട്ടേറെ മലയാളികള്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ അഞ്ചില്‍ താഴെ മലയാളികളെ ജോലിചെയ്യുന്നുള്ളൂ.വളരെ പേര്‍ ആസ്‌ട്രേലിയ്ക്ക് കുടിയേറിയിരുന്നു.പതിനഞ്ചോളം ഫിലിപ്പിനോ നേഴ്‌സുമാരും ഇവിടെയുണ്ട്.

ഇതിനിടെ മൗണ്ട് കാര്‍മല്‍ ആശുപത്രിയിലെ രോഗികുടെ ഡെപോസിറ്റുകള്‍ തിരിച്ചു നല്‍കിത്തുടങ്ങി. കോടതി കഴിഞ്ഞ ദിവസം നിയമിച്ച ലിക്വിഡേറ്റര്‍ ആണ് രോഗികളുടെ ഡെപോസിറ്റ് തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
. ആശുപത്രി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ രോഗികള്‍ക്ക് അവരുടെ ഡെപോസിറ്റുകള്‍ തിരികെ ലഭിക്കുന്നത്.
ആശുപത്രിയില്‍ രോഗികള്‍ മുന്‍കൂറായി അടച്ചിരിക്കുന്ന പണം തിരികെ ലഭിക്കുമെന്ന് നാമ അറിയിച്ചതായി നാഷണല്‍ അസറ്റ് മാനേജ്‌മെന്റ് ഏജന്‍സി (നാമ) വക്താവ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ആഴ്ച്ചയില്‍ 25ഓളം ജനനങ്ങള്‍ രേഖപ്പെടുത്തിയിരുന്ന ആശുപത്രിയായിരുന്നു മൗണ്ട് കാര്‍മല്‍. മുന്‍കൂറായി ബുക്ക് ചെയ്തിരിക്കുന്നവര്‍ക്ക് മറ്റ് മെറ്റേര്‍ണിറ്റി ആശുപത്രിയിലേക്ക് ബുക്കിംഗ് മാറ്റി ചെയ്തുകൊടുത്തിട്ടുണ്ട്.
രോഗികള്‍ക്ക് തിരികെ കൊടുത്തിട്ടില്ലാത്ത ഡെപോസിറ്റുകളെക്കുറിച്ച് മെഡിക്കല്‍ കണ്‍സല്‍ട്ടന്റുമാരോടും മാനേജ്‌മെന്റിനോടും ചര്‍ച്ച നടത്തുമെന്നും ലിക്വിഡേറ്റര്‍ തീരുമാനിച്ചിട്ടുണ്ട്.
കണ്‍സല്‍ട്ടന്റിന് നേരിട്ട് പണം നല്‍കിയ രോഗികള്‍ക്ക് അത് തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ടും മെഡിക്കല്‍ കണ്‍സല്‍ട്ടന്റ്മാരോടും മാനേജ്‌മെന്റിനോടും ചര്‍ച്ച നടത്തുമെന്നും ലിക്വിഡേറ്റര്‍മാരുടെ വക്താവ് അറിയിച്ചു .

Scroll To Top