Tuesday December 06, 2016
Latest Updates

മോഹന്‍ലാലിന്റെ ‘പെരുച്ചാഴി ‘അയര്‍ലണ്ടിലും റിലീസിംഗ് ദിവസം പ്രദര്‍ശനത്തിനെത്തുന്നു 

മോഹന്‍ലാലിന്റെ ‘പെരുച്ചാഴി ‘അയര്‍ലണ്ടിലും റിലീസിംഗ് ദിവസം പ്രദര്‍ശനത്തിനെത്തുന്നു 

ഡബ്ലിന്‍ :മോഹന്‍ലാലിന്റെ ഓണച്ചിത്രം പെരുച്ചാഴി അയര്‍ലണ്ടിലും റിലീസിംഗ് ദിവസം തന്നെ പ്രദര്‍ശനത്തിനെത്തുന്നു.കേരളത്തില്‍ റിലീസ് ചെയ്യുന്ന ആഗസ്റ്റ് 29 ന് തന്നെയാണ് ലീമറിക്കിലും ,വാട്ടര്‍ ഫോര്‍ഡിലും,ഡബ്ലിനിലും,കോര്‍ക്കിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

29 ന് വൈകിട്ട് 6 മണിയ്ക്ക് ലിമറിക്കിലും (ഓഡിയോണ്‍)6 മണിയ്ക്ക് വാട്ടര്‍ ഫോര്‍ഡിലും (ഓഡിയോണ്‍)രാത്രി 8.30 ന് ഡബ്ലിന്‍ സ്റ്റില്‍ഓര്‍ഗനിലും(ഓഡിയോണ്‍)രാത്രി 8.30 ന് ഡബ്ലിന്‍ ഐ എം സി സാന്‍ട്രിയിലും പ്രദര്‍ശനമുണ്ടായിരിക്കും.

അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയത ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറിലാണ് തിയേറ്ററുകളില്‍ എത്തുന്നത്.ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരനെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ സറ്റെയറായ ചിത്രത്തിന്റെ വിതരണം ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ്. തിരക്കഥ അജയ് വേണുഗോപാല്‍. 

മോഹന്‍ലാലിന്റെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ചിത്രങ്ങളിലൊന്നാണ് പെരുച്ചാഴി. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് അമേരിക്കയിലാണ്. വിഖ്യാതമായ യൂണിവേഴ്‌സല്‍ സ്റ്റുഡിയോസിലും സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചു.

അവസാനഘട്ട ചിത്രീകരണം നടന്നത് കൊച്ചിയിലാണ്.

രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായിട്ടാണ് സിനിമ ഒരുക്കുന്നത്. രാഷ്ട്രീയ നേതാക്കളായ വിശ്വനാഥന്‍(മോഹന്‍ലാല്‍) മന്ത്രി രാഘവന്‍(മുകേഷ്) ഇവര്‍ തമ്മിലുള്ള രാഷ്ട്രീയ വൈരമാണ് സിനിമയില്‍ ഹാസ്യത്തിലൂടെ പറയുന്നത്. വിശ്വനാഥന്‍ എന്ന രാഷ്ട്രീയക്കാരനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മുകേഷ് മന്ത്രിയായ രാഘവനെയും. കേരളത്തിലെ രാഷ്ട്രീയക്കാരാണെങ്കിലും അമേരിക്കയിലെ കഥയാണ് സിനിമ പറയുന്നത്. അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അവിടെ മല്‍സരിക്കുന്ന ഗവര്‍ണര്‍ക്കു വേണ്ടി വോട്ടുപിടിക്കാന്‍ പോകുകയാണ് വിശ്വനാഥന്‍. ഇംഗ്ലീഷ് അറിയാത്ത വിശ്വനാഥന്റെ കളികളാണ് കോമഡിയായി സിനിമയില്‍ പറയുന്നത്.ചില അമേരിക്കന്‍ താരങ്ങളും പെരുച്ചാഴിയിലുണ്ട്.


മോഹന്‍ലാല്‍ ചിത്രങ്ങളുടെ എല്ലാ നിറക്കൂട്ടുകളും ചേര്‍ത്ത് പ്രേക്ഷകരില്‍ സന്തോഷം നിറയ്ക്കുന്ന മാന്ത്രികവിദ്യകള്‍ പെരുച്ചാഴിയിലുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

Scroll To Top