Friday December 09, 2016
Latest Updates

മോഷ്ട്ടിച്ചെടുത്ത കാറുമായി റോഡില്‍ അഭ്യാസം ; 15 വയസുകാരന്‍ വിദ്യാര്‍ഥി പിടിയില്‍

മോഷ്ട്ടിച്ചെടുത്ത കാറുമായി റോഡില്‍ അഭ്യാസം ; 15 വയസുകാരന്‍ വിദ്യാര്‍ഥി പിടിയില്‍

ഡബ്ലിന്‍ :കട്ടെടുത്ത കാറുമായി റോഡ്‌നിയമങ്ങള്‍ കാറ്റില്‍ പറത്തി യാത്രചെയ്തതും പോര, ജാമ്യം അനുവദിച്ച ജഡ്ജിയെ തെറി വിളിക്കുക കൂടി ചെയ്താല്‍ എന്താവും സ്ഥിതി? സംഭവം അരങ്ങേറിയത് ഡബ്ലിനിലാണ്.
15വയസ്സുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ജഡ്ജിക്കു മുന്നില്‍ ഇത്തരത്തില്‍ ബഹളം വച്ചത്. ഡബ്ലിനില്‍ റോഡില്‍ വാഹനം ഏറെ അഭ്യാസപ്രകടനങ്ങള്‍ നടത്തി അപകടാവസ്ഥയില്‍ ഓടിച്ചതിനായിരുന്നു വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
മോഷ്ട്ടിച്ചെടുത്ത 4ഇന്‍ടു4 കാറാണ് വിദ്യാര്‍ത്ഥി ഓടിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ പോലീസിന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ഒരു ഗാര്‍ഡ കാറുമായി വിദ്യാര്‍ത്ഥി ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഗാര്‍ഡയുടെ വലയിലായ വിദ്യാര്‍ത്ഥിയെ പിന്നീട് ഡബ്ലിനിലെ കുട്ടികളുടെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ഒട്ടേറെ നിബന്ധനകളോടെയാണ് വിദ്യാര്‍ത്ഥിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട കാര്‍ ഓടിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന സുഹൃത്തുമായി ബന്ധപ്പെടരുതെന്നതും നിബന്ധനകളില്‍ ഒന്നായിരുന്നു.
കോടതിയില്‍ വച്ചുതന്നെ ഗാര്‍ഡയോടും ജഡ്ജിയോടും അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയുടെ ജാമ്യം കോടതി റദ്ദാക്കിയിരിക്കുകയാണ്. ഇപ്പോള്‍ പ്രതിയുടെ പേരില്‍ രണ്ട് കേസുകള്‍ കൂടി ചാര്‍ജുചെയ്യപ്പെടുകയും ചെയ്തു.
ജഡ്ജിയെയും ഗാര്‍ഡ ഉദ്യോഗസ്ഥരെയും കോടതിയില്‍ വച്ച് തെറി വിളിച്ചുവെന്നാണ് പ്രതിക്കെതിരെ പുതുതായി ചേര്‍ക്കപ്പെട്ടിരിക്കുന്ന കേസ്.
ജാമ്യം കിട്ടിയതിനു ശേഷം വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതിനിടെ ഫോണ്‍ തിരികെ ചോദിച്ച രീതിയാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥിയെ കുടുക്കിയിരിക്കുന്നത്. നാവിന് എല്ലില്ലാത്തതിനാല്‍ എന്തും പറയാം എന്നില്ലല്ലോ? അതും ഒരു ജഡ്ജിയെ പൊതു ഇടത്തില്‍ വച്ച് അപമാനിക്കുന്ന തരത്തിലാണെങ്കില്‍ കേസെടുക്കാന്‍ വേറെ വകുപ്പിന്റെ ആവശ്യമേ ഇല്ലെന്ന് പാവം കുട്ടി എവിടെ അറിയാന്‍.

എന്നാല്‍ റിമാന്‍ഡില്‍ കിടക്കുമ്പോഴും കുട്ടിക്ക് മെഡിക്കല്‍ പരിരക്ഷ ലഭ്യമാക്കാന്‍ കോടതി ഉത്തരവിറക്കിയിട്ടുണ്ട്. ജനുവരി 20നാണ് അടുത്ത വിചാരണ നടക്കുക.
കേസ് നടത്തിപ്പിനായി വിദ്യാര്‍ത്ഥിയുടെ അമ്മ കൂടി കോടതിയില്‍ ഹാജരായിരുന്നു. അവരുടെ പ്രത്യേക ആവശ്യപ്രകാരമാണ് കോടതി കുട്ടിക്ക് മെഡിക്കല്‍ പരിരക്ഷയ്ക്ക് ഉത്തരവിട്ടത്. വിദ്യാര്‍ത്ഥിയെ കൗണ്‍സിലിംഗിന് വിധേയനാക്കണമെന്നും അമ്മ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.30ന് നോര്‍ത്ത് ഡബ്ലിനില്‍ വച്ചും വിദ്യാര്‍ത്ഥി മോഷ്ടിച്ച കാറുമായി ഗാര്‍ഡയുടെ മുന്നില്‍പെട്ടിരുന്നു. എന്നാല്‍ അപ്പോള്‍ പിടികൊടുക്കാതിരിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്ക് ഗാര്‍ഡ നിര്‍ദ്ദേശങ്ങള്‍ നല്‍കി വിദ്യാര്‍ത്ഥിയെ വലയിലാക്കുകയായിരുന്നു.

ഗതാഗത നിയമങ്ങള്‍ തെറ്റിച്ചും തെറ്റായ വഴിയിലൂടെയും ആണ് വിദ്യാര്‍ത്ഥി വാഹനം ഓടിച്ചതെന്നും ഗാര്‍ഡ അധികൃതര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. റോഡില്‍ പല സ്ഥലങ്ങളിലും നാശനഷ്ടങ്ങളും ഇതു നിമിത്തം ഉണ്ടായിട്ടുണ്ട്.
വളരെ നേരത്തെ റേസിംഗിനു ശേഷം ഗാല്‍സ്‌നെവനില്‍ വച്ചാണ് ഇയാളെ ഗാര്‍ഡയ്ക്ക് അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്‌

Scroll To Top