Sunday December 04, 2016
Latest Updates

മോര്‍ട്ട്‌ഗേജ് രംഗത്തെ ബാങ്കുകള്‍ കടുത്ത മത്സര ചൂടില്‍;പലിശ നിരക്ക് വെട്ടി ചുരുക്കിയും പോരാട്ടം ,3.8 ബില്യന്‍ യൂറോ മൊത്തം വായ്പ നല്‍കും 

മോര്‍ട്ട്‌ഗേജ് രംഗത്തെ ബാങ്കുകള്‍ കടുത്ത മത്സര ചൂടില്‍;പലിശ നിരക്ക് വെട്ടി ചുരുക്കിയും പോരാട്ടം ,3.8 ബില്യന്‍ യൂറോ മൊത്തം വായ്പ നല്‍കും 

ഡബ്ലിന്‍: മോര്‍ട്ട്‌ഗേജ് രംഗത്തെ ബാങ്കുകള്‍ കടുത്ത മത്സര ചൂടില്‍. ഇടപാടുകാരെ ആകര്‍ഷിക്കുന്നതിനായി വന്‍ ഓഫറുകളുമായാണ് ബാങ്കുകള്‍ രംഗത്ത് വന്നിരിക്കുന്നത്. പലിശ നിരക്ക് വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമായാണ് ബാങ്കുകള്‍ മുന്നോട്ട് വന്നിരിക്കുന്നത്. കൂടാതെ തങ്ങളുടെ ബാങ്കിലേക്ക് കൂടുതല്‍ ബിസിനസ് കൊണ്ടുവരാന്‍ പ്രോപ്പര്‍ട്ടി ബ്രോക്കര്‍മാര്‍ക്കും ബാങ്കുകള്‍ മികച്ച ഓഫറുകളുമാണ് നല്‍കുന്നത്. 

പ്രധാനമായും പുതിയ മോര്‍ട്ട്‌ഗേജ് ഇടപാടുകാരെ ആകര്‍ഷിക്കുന്നതിനാണ് ബാങ്കുകളുടെ ശ്രമം. എഐബി, കെബിസി, അല്‍സ്റ്റര്‍ ബാങ്ക്, ബാങ്ക് ഓഫ് അയര്‍ലണ്ട് തുടങ്ങിയ പ്രമുഖ ബാങ്കുകള്‍ എല്ലാം തന്നെ പലിശ നിരക്കില്‍ ഇളവ് വരുത്തിയിരിക്കുകയാണ്. അല്‍സ്റ്റര്‍ ബാങ്ക് അടുത്ത മാസം അവസാനത്തോടെ നിരക്ക് വെട്ടിച്ചുരുക്കും. അടുത്ത മൂന്ന് വര്‍ഷത്തേക്ക് 4.25 ശതമാനമായിരിക്കും അല്‍സ്റ്റര്‍ ബാങ്കിന്റെ പലിശ നിരക്ക്. അതേസമയം അല്‍സ്റ്റര്‍ ബാങ്ക് പ്രോപ്പര്‍ട്ടി ബ്രോക്കര്‍മാര്‍ക്ക് കൂടുതല്‍ കമ്മീഷന്‍ നല്‍കുമെന്ന വാര്‍ത്ത അല്‍സ്റ്റര്‍ ബാങ്ക് നിഷേധിച്ചു.അതേ സമയം പുതിയ ലോണ്‍ ആവശ്യമുള്ളവര്‍ക്ക് വേണ്ട പ്രോപ്പര്‍ട്ടി വാല്യൂവേഷന്‍ ബാങ്ക് സൗജന്യമായി തരപ്പെടുത്തും.സാധാരണ 130 യൂറോ വരെ വരുന്നതാണിത്, 

ബാങ്കിലേക്ക് കൂടുതല്‍ ബിസിനസ് കൊണ്ടുവരുന്ന പ്രോപ്പര്‍ട്ടി കമ്മീഷണര്‍മാര്‍ക്ക് കൂടുതല്‍ കമ്മീഷന്‍ വാഗ്ദാനം ചെയ്താണ് എഐബി മത്സരം കടുപ്പിക്കുന്നത്. ബ്രോക്കര്‍മാര്‍ക്ക് 1 ശതമാനമാണ് എഐബി കമ്മീഷന്‍ നല്‍കുന്നത്. എഐബി 0.2 ശതമാനം വരെയാണ് പലിശ നിരക്കില്‍ ഇളവ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ നാമ പദ്ധതി പ്രഖ്യാപിച്ചതോടെയാണ് മോര്‍ട്ട്‌ഗേജിനായി കൂടുതല്‍ ആളുകള്‍ രംഗത്ത് വന്നത്.ഈയാഴ്ച്ചകളില്‍ ഒട്ടേറെ ബാങ്കുകാര്‍ പ്രത്യേക ക്വിക്ക് ലോണ്‍ അപ്രൂവല്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.. 

കെബിസിയാവട്ടെ മറ്റു ബാങ്കുകളില്‍ നിലവിലുള്ള ഉപഭോക്താക്കള്‍ കെബിസി യിലേയ്ക്ക് ലോണ്‍ മാറ്റിയാല്‍ 1,000 യൂറോയും, പുതിയ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഹോം ഇന്‍ഷുറന്‍സും നല്‍കും. ബാങ്ക് ഓഫ് അയര്‍ലണ്ട് പത്ത് വര്‍ഷത്തേക്ക് 4.99 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അഞ്ച് വര്‍ഷത്തില്‍ കൂടിയ കാലയളവിലേക്ക് ഏറ്റവും മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് തങ്ങളുടെ ബാങ്കാണെന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് വാഗ്ദാനം ചെയ്യുന്നു. ഈ വര്ഷം ബാങ്കുകള്‍ 3.8 ബില്യന്‍ യൂറോ മോര്‍ട്ട്‌ഗേജ് നല്‍കുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പ്രവചിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വര്‍ദ്ധനയാണിത്.

ബാങ്കുകളെ സമീപിച്ചാലും മോര്‍ട്ട് ഗേജ് കിട്ടാന്‍ ഏറെ താമസം എടുക്കുന്നുവെന്ന പരാതി കൂടുതല്‍ ലോണ്‍ ലഭ്യമാകുന്നതോടെ മാറും.നാമയടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ കൂടുതല്‍ വീടുകള്‍ വില്പ്പനയ്ക്ക് വച്ചിരിക്കുന്നതോടെ ആദ്യഘട്ടത്തില്‍ വില കൂടിയാലും,ക്രമേണ ഭവനവില കുറയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

Scroll To Top