Saturday December 03, 2016
Latest Updates

മോര്‍ട്ട്‌ഗേജ് ഭേദഗതി: കണ്‍സള്‍ട്ടേഷന്‍ ഇന്ന് അവസാനിക്കും,ബ്രിയാന്‍ ഹേയ്‌സിന്റെ നേതൃത്വത്തില്‍ ഭീമഹര്‍ജി 

മോര്‍ട്ട്‌ഗേജ് ഭേദഗതി: കണ്‍സള്‍ട്ടേഷന്‍ ഇന്ന് അവസാനിക്കും,ബ്രിയാന്‍ ഹേയ്‌സിന്റെ നേതൃത്വത്തില്‍ ഭീമഹര്‍ജി 

ഡബ്ലിന്‍: മോര്‍ട്ട്‌ഗേജ് നിയമ ഭേദഗതിയുടെ കണ്‍സള്‍ട്ടേഷന്‍ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ സെന്‍ട്രല്‍ ബാങ്കിന്റെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നു. മോര്‍ട്ട്‌ഗേജ് ഭേദഗതി സ്വന്തം വീട് എന്ന സ്വപ്നം തകര്‍ക്കുമെന്ന് വിമര്‍ശകര്‍ പറയുന്നു. ആദ്യമായി വീട് വാങ്ങുന്നവരുടെ ഡെപ്പോസിറ്റ് തുക 20 ശതമാനമായി വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമ ഭേദഗാതിയാണ് സെന്‍ട്രല്‍ ബാങ്ക് കൊണ്ടുവരുന്നത്. കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തിയായാല്‍ ജനുവരി 1 ന് നിയമഭേദഗതി നിലവില്‍ വരും. 

20 ശതമാനം ഡെപ്പോസിറ്റ് ഉള്‍പ്പെടെയുള്ള ഭേദഗതികളില്‍ ചില ഇളവുകള്‍ വരുത്തിയേക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പാട്രിക് ഹോണോഹന്‍ പ്രസ്താവിച്ചിരുന്നെങ്കിലും നിലവിലെ രൂപത്തില്‍ ഇത് നടപ്പിലാക്കിയാല്‍ ഭൂരിപക്ഷം പേര്‍ക്കും വീട് എന്ന സ്വപ്നം അന്യമാകുമെന്നാണ് വിമര്‍ശനം. പ്രോപ്പര്‍ട്ടി വിലയുടെ 80 ശതമാനം മാത്രമേ മോര്‍ട്ട്‌ഗേജ് അനുവദിക്കൂ. ശമ്പളത്തിന്റെ മൂന്നര ഇരട്ടിയായി മോര്‍ട്ട്‌ഗേജ് തുക പരിമിതപ്പെടുത്തി. തുടങ്ങിയ ഭേദഗതികളാണ് സെന്‍ട്രല്‍ ബാങ്ക് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഭേദഗതികളില്‍ ചില ഇളവുകള്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി മൈക്കല്‍ നൂനനും വാഗ്ദാനം ചെയ്തിട്ടുണ്ട്. 

അപ്‌ലിഫ്റ്റ് എന്ന സംഘടനയാണ് പ്രധാനമായും ഭേദഗതിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെടുന്ന 20 ശതമാനം ഡെപ്പോസിറ്റിന്റെ അത്രയും തന്നെ തുക ഇപ്പോള്‍ മാസവാടകയ്ക്കായി മാറ്റിവയ്‌ക്കേണ്ടി വരുന്നുണ്ടെന്ന് അപ്‌ലിഫ്റ്റ് പറയുന്നു. ഇത്രയും തുക മാറ്റിവയ്‌ക്കേണ്ട സാഹചര്യത്തില്‍ ഭൂരിപക്ഷം പേര്‍ക്കും വീട് എന്ന സ്വപ്നം അന്യമാകുമെന്ന് അപ്‌ലിഫ്റ്റ് പ്രവര്‍ത്തകര്‍ പറയുന്നത്. 

മോര്‍ട്ട്‌ഗേജ് ഭേദഗതിക്കെതിരെ അപ്‌ലിഫ്റ്റ് തയ്യാറാക്കിയ ഭീമഹര്‍ജി ഇന്ന് സെന്‍ട്രല്‍ ബാങ്കിന് കൈമാറും. ഭീമഹര്‍ജിയില്‍ നാനൂറിലധികം പേര്‍ ഒപ്പിട്ടിട്ടുണ്ട്. ഭേദഗതി നിര്‍ദ്ദേശങ്ങള്‍ വിവേചനപരമാണെന്ന് ഫിനഗേല്‍ എംഇപി ബ്രിയാന്‍ ഹേയ്‌സ് പറഞ്ഞു. ഡബ്ലിനിലെ ശരാശരി വീട് വില 350,000 യൂറോയാണ്. ഈ വിലയില്‍ 70,000 യൂറോ ഡെപ്പോസിറ്റ് കണ്ടെത്തുന്നത് അസാധ്യമാണെന്നും ബ്രിയാന്‍ ഹേയ്‌സ് പറഞ്ഞു.

Scroll To Top