Wednesday December 07, 2016
Latest Updates

മോര്‍ട്ട്‌ഗേജ് പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാന്‍ ലോക്കല്‍ അതോറിറ്റികള്‍

ഡബ്ലിന്‍:മോര്‍ട്ട്‌ഗേജടയ്ക്കാന്‍ പറ്റാതെ കിടപ്പാടം നഷ്ടമാവുന്നവര്‍ക്ക് ആശ്വാസമാകാന്‍ ലോക്കല്‍ അതോറിറ്റി സോഷ്യല്‍ ഹൗസിംഗ് രംഗത്ത്.

മോര്‍ട്ട്‌ഗേജ് കുടിശ്ശിക പ്രതിസന്ധിയിലാക്കിയവര്‍ക്കും വളരെ ഉയര്‍ന്ന തോതില്‍ തന്നെ തിരിച്ചടവു നടത്തുന്നവര്‍ക്കും ലോക്കല്‍ അതോറിറ്റിയുടെ ഹൗസിംഗ് ലിസ്റ്റിലേക്ക് ചേരാമെന്ന് തീരുമാനമായി.

നിയമ നടപടികള്‍ നേരിടുന്ന വീട്ടുടമസ്ഥര്‍ സ്വമേധയാ തങ്ങളുടെ വീടുകള്‍ ലോക്കല്‍ കൗണ്‍സിലിന് സോഷ്യല്‍ ഹൗസിംഗിനായി വിട്ടുനല്‍കുമെങ്കില്‍ അവ സ്വീകരിക്കുന്നതിന് കൌണ്‍സിലുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതായി പരിസ്ഥിതി വകുപ്പ് സഹമന്ത്രി ജാന്‍ ഒ’സുള്ളിവന്‍ സഭയില്‍ അഭിപ്രായപ്പെട്ടു.

ഇത്തരത്തില്‍ ഒരു കീഴടങ്ങലിന് തയ്യാറാവുന്നവരെ സോഷ്യല്‍ ഹൗസിംഗിന് പരിഗണിക്കുമോ എന്ന് സ്വതന്ത്ര റ്റിഡി പാട്രിക് നള്‍ട്ടി ചോദിച്ചിരുന്നു.
ഒരു വീട്ടുടമ സോഷ്യല്‍ ഹൗസിംഗിന് അര്‍ഹനാകണമെങ്കില്‍ യോഗ്യതാ നിര്‍ണ്ണയത്തില്‍ വിജയിക്കണമെന്നും ഒരു ഹൗസിംഗ് അതോറിറ്റി ഇതുമായി ബന്ധപ്പെട്ട പരിശോധനകളും നടപടിക്രമങ്ങളും പൂര്‍ത്തിയായ ശേഷമേ അത് തീരുമാനിക്കാന്‍ സാധിക്കുള്ളൂവെന്നും കുടുംബ വരുമാനം കൂടി ഇതിന്റെ മാനദണ്ഡമായി വരുമെന്നും ഒ’സുള്ളിവന്‍ മറുപടി പറഞ്ഞു.

മോര്‍ട്ട്‌ഗേജ് കുടിശ്ശിക പ്രശ്‌നങ്ങള്‍ ഹൗസിംഗ് ലിസ്റ്റില്‍ എന്തെങ്കിലും തരത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടോ എന്ന് പറയുക വിഷമകരമാണെന്നും എന്നാല്‍ പ്രതിസന്ധിയില്‍പ്പെടുന്ന കടക്കാരനുമായി പേഴ്‌സണല്‍ ഇന്‍സോള്‍വന്‍സി സര്‍വ്വീസ് ഇടപാടുകളിലേര്‍പ്പെടുന്നത് കൂടുതല്‍പ്പേരേ സോഷ്യല്‍ ഹൗസിംഗിലേക്ക് ശ്രദ്ധതിരിക്കാന്‍ പ്രേരിപ്പിക്കുകയാണെന്ന് ഒരു ഹൗസിംഗ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മോര്‍ട്ടഗേജ് കുടിശ്ശിക പ്രതിസന്ധികള്‍ സോഷ്യല്‍ ഹൗസിംഗ് ലിസ്റ്റിലേക്ക് കൂടുതല്‍ ആളുകളെ തിരിച്ചുവിടുകയാണെന്നും പല ആളുകളും അത്തരമൊരു പ്രശ്‌നത്തില്‍പ്പെട്ടുതന്നെയാണ് പുതിയ ഹൗസിംഗിനായി അപേക്ഷിക്കുന്നതെന്നും ഹൗസിംഗ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു

Scroll To Top