Sunday December 11, 2016
Latest Updates

മോര്‍ട്ട്‌ഗേജുകള്‍ ശരാശരി 162,000 യൂറോ വരെ,പുതിയ വായ്പകള്‍ കൂടുന്നു 

മോര്‍ട്ട്‌ഗേജുകള്‍ ശരാശരി 162,000 യൂറോ വരെ,പുതിയ വായ്പകള്‍ കൂടുന്നു 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ 162,000 യൂറോ വരെ മോര്‍ട്ട്‌ഗേജ് എടുക്കുന്നതായി റിപ്പോര്‍ട്ട്. ഇത് കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കാണ്. ഹൌസിംഗ് വിപണി സാധാരണ നിലയിലേക്ക് തിരിച്ച് വന്നതോടെ പുതിയ മോര്‍ട്ട്‌ഗേജുകള്‍ അനുവദിക്കുന്നത് ഗണ്യമായി വര്‍ദ്ധിച്ചതായി ബാങ്കുകളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷത്തിലെ രണ്ടാം പാദ റിപ്പോര്‍ട്ടില്‍ 4,800 പുതിയ മോര്‍ട്ട്‌ഗേജുകള്‍ അനുവദിച്ചതായി റിപ്പോര്‍ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ അനുവദിച്ച മോര്‍ട്ട്‌ഗേജുകളേക്കാള്‍ 1,574 എണ്ണം കൂടുതലാണ് ഈ വര്‍ഷം അനുവദിച്ച ലോണുകള്‍. 

ഐറിഷ് ബാങ്കിംഗ് ഫെഡറേഷന്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം പുതിയതായി അനുവദിക്കപ്പെട്ട മോര്‍ട്ട്‌ഗേജുകളില്‍ പകുതിയും ആദ്യമായി വീട് വാങ്ങുന്നവരാണ്. ശരാശരി ലോണ്‍ തുക 170,000 യൂറോയും ആദ്യമായി വാങ്ങുന്നവര്‍ കടമെടുക്കുന്നത് ശരാശരി 162,000 യൂറോയുമാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള രണ്ടാം പാദത്തില്‍ അനുവദിക്കപ്പെട്ട ലോണ്‍ തുകയിലും വര്‍ദ്ധന രേഖപ്പെടുത്തി. 820 മില്യന്‍ യൂറോ ഇക്കാലയളവില്‍ മോര്‍ട്ട്‌ഗേജ് അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അനുവദിച്ചതിനേക്കാള്‍ 60 ശതമാനം വര്‍ദ്ധനയാണിത്. അനുവദിക്കപ്പെട്ട മുഴുവന്‍ മോര്‍ട്ട്‌ഗേജുകളും അപേക്ഷകര്‍ കൈപ്പറ്റാത്ത സാഹചര്യം ഇപ്പോഴും നിലവിലുണ്ട്. 

ഈ വര്‍ഷം മൊത്തം അനുവദിക്കപ്പെടുന്ന മോര്‍ട്ട്‌ഗേജ് 3.75 ബില്യണില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അനുവദിക്കപ്പെടുന്ന മോര്‍ട്ട്‌ഗേജ് തുകയില്‍ 50 ശതമാനം വര്‍ദ്ധന ഉണ്ടാകും. ഈ വര്‍ഷം അവസാനത്തോടെ അനുവദിക്കപ്പെടുന്ന മോര്‍ട്ട്‌ഗേജുകളുടെ എണ്ണം മൂന്നിരട്ടി വര്‍ദ്ധിക്കുമെന്നാണ് വിപണി വിദഗ്ദര്‍ പ്രതീക്ഷിക്കുന്നത്. 2010 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് മോര്‍ട്ട്‌ഗേജുകള്‍ അനുവദിക്കപ്പെടുന്നത്. ഇത് മോര്‍ട്ട്‌ഗേജ് വിപണി പഴയ പ്രതാപത്തിലേക്ക് തിരിച്ച് വരുന്നതിന്റെ സൂചനയാണെന്ന് വിപണി വിദഗ്ദര്‍ പറയുന്നു. 

Scroll To Top