Monday December 05, 2016
Latest Updates

മോഡിയെ നേരിടാന്‍ കോണ്‍ഗ്രസില്‍ ആളില്ല, വാരണാസി ഒഴികെയുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

മോഡിയെ നേരിടാന്‍ കോണ്‍ഗ്രസില്‍ ആളില്ല, വാരണാസി ഒഴികെയുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ നേരിടാന്‍ കോണ്‍ഗ്രസില്‍ ആളില്ല. മോഡി മത്സരിക്കുന്ന വാരണാസി മണ്ഡലത്തില്‍ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും കോണ്‍ഗ്രസ് മോഡിയുടെ എതിരാളിയെ പ്രഖ്യാപിച്ചില്ല. ഇന്നലെ വൈകുന്നേരം 58 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ നരേന്ദ്ര മോഡി മത്സരിക്കുന്ന വാരണാസിയില്‍ മാത്രം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല.

സച്ചിന്‍ പൈലറ്റ്, കപില്‍ സിബല്‍ തുടങ്ങിയ പ്രമുഖരെ ഉള്‍പ്പെടുത്തിയാണ് ഇന്നലെ കോണ്‍ഗ്രസ് മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. കപില്‍ സിബല്‍ ചാന്ദ്‌നി ചൌക്കില്‍ നിന്നും സച്ചിന്‍ പൈലറ്റ് അജ്മീറില്‍ നിന്നും ജനവിധി തേടും. കായിക മന്ത്രി അജയ് മാക്കന്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും അജിത് ജോഗി മഹാസമുദ്രില്‍ നിന്നും മത്സരിക്കും.

സച്ചിന്‍ പൈലറ്റ്, കപില്‍ സിബല്‍ എന്നിവര്‍ മണ്ഡല മാറ്റം ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയില്ല. അതേസമയം കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ ആരോപണ വിധേയനായ സുരേഷ് കല്‍മാഡിക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു കല്‍മാഡിക്ക് പകരം പൂനെയില്‍ വിശ്വജിത്ത് കടം മത്സരിക്കും. കല്‍മാഡിക്ക് സീറ്റ് നിഷേധിച്ചാല്‍ അദ്ദേഹത്തിന്റെ ഭാര്യ മീരയ്ക്ക് സീറ്റ് നല്‍കണമെന്ന് കല്‍മാഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഈ ആവശ്യത്തിനും വഴങ്ങിയില്ല.രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയ പ്രമുഖരെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് ഇറക്കിയിരുന്നു. 194 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് ആദ്യം പ്രസിദ്ധീകരിച്ചത്. കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക രണ്ടാംഘട്ടത്തിലാണ് പ്രസിദ്ധീകരിച്ചത്.

Scroll To Top