Wednesday December 07, 2016
Latest Updates

മേല്‍ശാന്തിയുടെ മകള്‍ ശബരിമല സന്ദര്‍ശനം നടത്തിയത് വിവാദമാകുന്നു

മേല്‍ശാന്തിയുടെ മകള്‍ ശബരിമല സന്ദര്‍ശനം നടത്തിയത് വിവാദമാകുന്നു

പത്തനംതിട്ട: സ്ത്രീകള്‍ക്ക് വിലക്കുള്ള ശബരിമലയില്‍ മേല്‍ശാന്തിയുടെ മകള്‍ സന്ദര്‍ശനം നടത്തിയത് വിവാദമാകുന്നു. ശബരിമല മേല്‍ശാന്തി പി എന്‍ നാരായണന്‍ നമ്പൂതിരിയുടെ പന്ത്രണ്ടുവയസായ മകളാണ് സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. പത്തിനും അമ്പതിനും വയസിന്  ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കരുതെന്ന് നിയമമുള്ളപ്പോഴാണ്  ശബരിമല മേല്‍ശാന്തി തന്നെ നിയമം ലംഘിച്ച് മകളെ ശബരിമലയില്‍ കൊണ്ടുവന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് മേല്‍ശാന്തിയുടെ മകള്‍ അടങ്ങുന്ന സംഘം ശബരിമലയില്‍ എത്തിയത്.

രാവിലെ പമ്പയില്‍ നിന്ന് സംഘം മലകയറാന്‍ തുടങ്ങിയപ്പോള്‍ പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ മേല്‍ശാന്തിയുടെ മകളാണെന്ന് പറഞ്ഞതോടെ പോലീസ് പ്രവേശനം അനുവദിക്കുകയായിരുന്നു. തന്റെ പിതാവിനൊപ്പം മൂന്ന് ദിവസം ശബരിമലയില്‍ താമസിച്ച ശേഷമാണ് പെണ്‍കുട്ടി മടങ്ങിയത്. ഉത്രംവിഷു ഉത്സവങ്ങളില്‍ പെണ്‍കുട്ടി അടങ്ങുന്ന സംഘം പങ്കെടുത്തു. പടിപൂജയില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടി എത്തിയപ്പോള്‍ മറ്റ് ഭക്തര്‍ ചോദ്യം ചെയ്തു. ഇതേതുടര്‍ന്ന് വിവാദം ഭയന്ന് പെണ്‍കുട്ടിയെ മുറിയില്‍ നിന്ന് പുറത്ത് ഇറക്കിയില്ല.

ശനിയാഴ്ച രാത്രി 12 ന് മേല്‍ശാന്തിയുടെ അളിയന്‍ വനംവകുപ്പിന്റെ അനുമതി വാങ്ങി കുട്ടിയെ ട്രാക്ടറിലാണ് കുട്ടിയെ പമ്പയില്‍ എത്തിച്ചത്. ദേവസ്വം ബോര്‍ഡിന്റെ ഫോട്ടോഗ്രാഫര്‍ കുട്ടി സന്നിധാനത്ത് നില്‍ക്കുന്ന ചിത്രം പകര്‍ത്തിയെങ്കിലും മേല്‍ശാന്തിയുടെ സ്വാധീനത്തില്‍ ചിത്രങ്ങള്‍ ക്യാമറയില്‍ നിന്ന് മായ്ച്ച് കളഞ്ഞു. എന്നാല്‍ സന്നിധാനത്തെ സിസിടിവി ക്യാമറകളില്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. നേരത്തെ തെലുങ്ക് ചലച്ചിത്രതാരം ജയമാല അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടതായി അവകാശപ്പെട്ടത് വലിയ വിവാദമായിരുന്നു.

 

 

Scroll To Top