Wednesday December 07, 2016
Latest Updates

മേല്‍ക്കൈ നഷ്ടമായെന്നു മുഖ്യമന്ത്രി; ഇഎം അഗസ്തി ജോയിസിന് വോട്ട് ചെയ്തതിന് വീഡിയോ തെളിവെന്ന് ഡിസിസി

മേല്‍ക്കൈ നഷ്ടമായെന്നു മുഖ്യമന്ത്രി; ഇഎം അഗസ്തി ജോയിസിന് വോട്ട് ചെയ്തതിന് വീഡിയോ തെളിവെന്ന് ഡിസിസി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫിന് ആദ്യം ഉണ്ടായിരുന്ന മേല്‍ക്കൈ ഇടയ്ക്ക് നഷ്ടമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് നടക്കുന്ന കെപിസിസി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ കുറ്റസമ്മതം. തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം വിലയിരുത്തുന്നതിനായി കഴിഞ്ഞ രണ്ടു ദിവസമായി തിരുവനന്തപുരത്ത് കെപിസിസി യോഗം ചേരുകയാണ്. യുഡിഎഫ് 12 മുതല്‍ പതിനഞ്ച് വരെ സീറ്റുകളില്‍ ജയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ വിലയിരുത്തി.

അതേസമയം വിവിധ ഡിസിസികളില്‍ നിന്ന് ജില്ല നേതാക്കള്‍ക്കെതിരായ പരാതി തുടരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകാതെ നിഷ്‌ക്രിയരായ നേതാക്കള്‍ക്കെതിരെയാണ് ഡിസിസികള്‍ പരാതി നല്കിയത്. ഇടുക്കിയില്‍ ഡിസിസി പ്രസിഡന്റ് റോയ് കെ പൌലോസ് പ്രചാരണത്തില്‍ സജീവമായില്ലെന്ന് ഡിസിസി ഭാരവാഹികള്‍ പരാതി നല്കി.

ഇടുക്കിയില്‍ തന്നെ ഇഎം അഗസ്തിക്കെതിരായാണ് മറ്റൊരു പരാതി. ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജോയിസ് ജോര്‍ജിന്റെ ബന്ധു കൂടിയായ അഗസ്തി വോട്ട് ചെയ്തതും ജോയിസിനു തന്നെയാണെന്ന് ഡിസിസി ഭാരവാഹികള്‍ പരാതി നല്കി. വോട്ടെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങളില്‍ അഗസ്തിയുടെ കൈ ജോയിസിന്റെ പേരിന് നേരെയാണ് നീങ്ങിയതെന്ന്  കോണ്‍ഗ്രസ് നേതൃത്വം തന്നെ ആരോപിക്കുന്നു.

കൊല്ലത്തും കോണ്‍ഗ്രസ് ജില്ല നേതാക്കള്‍ക്കെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്. കൊല്ലത്ത് സീറ്റ് മോഹികളായ ചിലര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായില്ലെന്നാണ് പരാതി. എന്നാല്‍ ആരുടേയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല.

Scroll To Top