Sunday December 11, 2016
Latest Updates

മേയറെ നേരിട്ട് തെരഞ്ഞെടുക്കുന്നതിന് അനുകൂലമെന്ന് ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്ക്

മേയറെ നേരിട്ട് തെരഞ്ഞെടുക്കുന്നതിന്  അനുകൂലമെന്ന് ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്ക്

ഡബ്ലിന്‍: നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന മേയര്‍ എന്ന ആശയത്തിന് പുതിയ ഡബ്ലിന്‍ മേയറുടെ പിന്തുണ. മേയറെ നേരിട്ട് തെരഞ്ഞെടുക്കുന്ന സമ്പ്രദായം നടപ്പിലാക്കണമെന്ന് ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്ക് അഭിപ്രായപ്പെട്ടു. മന്ത്രി ഫില്‍ഹോഗനാണ് ഈ ആശയം മുന്നോട്ട് വച്ചത്. കഴിഞ്ഞയിടെ നടന്ന ലോക്കല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളുടെ കൂടെ മേയര്‍ തെരഞ്ഞെടുപ്പും നടത്താനായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. 

എന്നാല്‍ ഫിനഗേല്‍ കൌണ്‍സിലര്‍മാര്‍ ഈ നീക്കത്തെ എതിര്‍ത്തതോടെ നിര്‍ദ്ദേശം നടപ്പിലായില്ല. വിശാല ഡബ്ലിനിലെ ഫിംഗല്‍ ഒഴികെ മൂന്ന് കൌണ്‍സിലുകളും നിര്‍ദ്ദേശത്തിന് അനുകൂല നിലപാടായിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ വീണ്ടും ഡബ്ലിനിലെ കൌണ്‍സിലര്‍മാരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ഫില്‍ ഹോഗന്‍ പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ ജനഹിത പരിശോധന നടത്തണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൌണ്‍സിലര്‍മാരുമായുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നുവരും. 

ഭവന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും, ശരിയായ പോലീസിംഗ് നയങ്ങള്‍ നടപ്പിലാക്കാനും കൃത്യമായ അധികാരമുള്ള നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട മേയര്‍ ആവശ്യമാണെന്ന് ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്ക് പറഞ്ഞു. നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന മേയര്‍മാര്‍ ജനങ്ങളോട് കൂടുതല്‍ പ്രതിബദ്ധതയുള്ള മേയറായിരിക്കുമെന്നും ബര്‍ക്ക് പറഞ്ഞു. 1985 മുതല്‍ കൌണ്‍സിലറായി പ്രവര്‍ത്തിക്കുന്ന നേതാവാണ് ബര്‍ക്ക്. വിവിധ പാര്‍ട്ടികള്‍ക്കിടയിലെ ധാരണ പ്രകാരമാണ് സ്വതന്ത്ര ഗ്രൂപ്പിന്റെ നേതാവായ ബര്‍ക്ക് മേയറായത്. ഒരു വര്‍ഷമാണ് ബര്‍ക്കിന് മേയര്‍ സ്ഥാനം ലഭിക്കുക.

Scroll To Top