Saturday December 03, 2016
Latest Updates

മൂന്നാം മുന്നണിയോ? സ്വന്തം മുന്നണിയോ? കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം രൂക്ഷം

മൂന്നാം മുന്നണിയോ? സ്വന്തം മുന്നണിയോ? കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം രൂക്ഷം

ന്യൂഡല്‍ഹി: മൂന്നാം മുന്നണിക്ക് പിന്തുണ നല്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം രൂക്ഷമാകുന്നു. മൂന്നാം യുപിഎ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള  മൂന്നാം ചേരിയെ പിന്തുനയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രാസില്‍ നിന്ന് തന്നെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അഹമ്മദ് പട്ടേലിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. കേന്ദ്രമന്ത്രി സല്മാന്‍ ഖുര്‍ഷിദും മൂന്നാം മുന്നണിയെ പിന്തുണയ്ക്കുന്നതിനെ അനുകൂലിച്ചിരുന്നു. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പേ കോണ്‍ഗ്രസ് മൂന്നാം മുന്നണിയെ പിന്തുണയ്ക്കുമെന്ന പ്രസ്താവന കോണ്‍ഗ്രസ് പരാജയം സമ്മതിക്കുന്നതിന് തുല്യമാണ് എന്നാണു വിമര്‍ശനം.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി കൂടിയായ അഹമ്മദ് പട്ടേലിന്റെ മൂന്നാം മുന്നണി അനുകൂല പ്രസ്താവന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാടായി വ്യാഖ്യാനിക്കപ്പെട്ടു എന്നാണു പ്രധാന വിമര്‍ശനം. ഇതേതുടര്‍ന്ന് അഹമ്മദ് പട്ടേല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ സോണിയ താക്കീത് ചെയ്‌തെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവന കോണ്‍ഗ്രസിനെതിരെ എതിരാളികള്‍ക്ക് രാഷ്ട്രീയ ആയുധം നല്കിയെന്നും സോണിയ വിമര്‍ശനം ഉന്നയിച്ചു.

പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പ് രൂക്ഷമായതോടെ ഇന്നലെ അഹമ്മദ് പട്ടേല്‍ നിലപാട് തിരുത്തിയിരുന്നു. കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തില്‍ വരുമെന്നും മൂന്നാം മുന്നണി എന്നത് വെറും സാങ്കല്‍പ്പികമാണെന്നും ഇന്നലെ അഹമ്മദ് പട്ടേല്‍ പറഞ്ഞു. അതിനിടെ മൂന്നാം മുന്നണിയെ പിന്തുണയ്ക്കുന്നതിനെതിരെ രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നു. മൂന്നാംമുന്നണിയെ പിന്തുണയ്ക്കുന്നതിനേക്കാള്‍ നല്ലത് പ്രതിപക്ഷത്തിരിക്കുന്നതാണെന്ന് രാഹുല്‍ പറഞ്ഞു.

Scroll To Top