Sunday December 04, 2016
Latest Updates

മൂന്നാം മുന്നണിയെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി ആം ആദ്മി പാര്‍ട്ടിയില്‍ ഭിന്നത

മൂന്നാം മുന്നണിയെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി ആം ആദ്മി പാര്‍ട്ടിയില്‍ ഭിന്നത

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് ശേഷം ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള മൂനാം മുന്നണിയെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് ആ ആദ്മി പാര്‍ട്ടിയില്‍ ഭിന്നത. മൂന്നാം മുന്നണി ഗവണ്‍മെന്റിനെ പിന്തുണയ്ക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കി. ബിജെപിയെ അകറ്റി നിര്‍ത്താന്‍ മൂന്നാം ചേരിയെ പിന്തുണയ്ക്കുമെന്ന് എഎപിയുടെ മുതിര്‍ന്ന നേതാവ് ഗോപാല്‍ റായ് പറഞ്ഞിരുന്നു.

ഗോപാല്‍ റായിയുടെ പ്രസ്താവന വന്ന മണിക്കൂറുകള്‍ക്കകമാണ് അരവിന്ദ് കേജ്രിവാള്‍ അദ്ദേഹത്തിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നത്. മൂന്നാം മുന്നണിയെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നും എന്നാല്‍ പാര്‍ട്ടി ഇത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ഗോപാല്‍ റായ് പറഞ്ഞിരുന്നു. എന്നാല്‍ മൂന്നാം മുന്നണിയെ പിന്തുണയ്ക്കുന്ന കാര്യം ആലോചിച്ചിട്ടു പോലുമില്ലെന്ന് കേജ്രിവാള്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കേജ്രിവാള്‍ നിലപാട് പ്രഖ്യാപിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം സ്ഥിതിഗതികള്‍ മാറിമറിഞ്ഞേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. നേരത്തെ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ വന്ന സാഹചര്യത്തില്‍ എഎപി കോണ്‍ഗ്രസ് പിന്തുണ സ്വീകരിച്ചു കൊണ്ടാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

ഒരു പാര്‍ട്ടിയുടെയും പിന്തുണ സ്വീകരിക്കില്ലെന്നും ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കില്ലെന്നുമുള്ള മുന് നിലപാടില്‍ നിന്ന് വ്യതിചലിച്ച് കൊണ്ടാണ് എഎപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പിന്തുണ സ്വീകരിച്ചത്. സമാനമായ സാഹചര്യം തെരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിഞ്ഞു വരാനിടയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Scroll To Top