Saturday December 03, 2016
Latest Updates

മൂന്നാം മത്സരവും ജയിച്ച് ന്യൂസിലാന്‍ഡ്:നാണം കെട്ട് ബ്രിട്ടിഷ് പട

മൂന്നാം മത്സരവും ജയിച്ച് ന്യൂസിലാന്‍ഡ്:നാണം കെട്ട് ബ്രിട്ടിഷ് പട

വെല്ലിംഗ്ടണ്‍: വെല്ലിംഗ്ടണ്‍ ദ്വീപില്‍ ആദ്യം സൗത്തി കൊടുങ്കാറ്റും പിന്നാലെ മക്കല്ലം ടൊര്‍ണാഡോയും സംഹാര താണ്ഡവമാടിയപ്പോള്‍ യൂനിയന്‍ ജാക്കുകാര്‍ നാണംകെട്ടു. എ ഗ്രൂപ്പില്‍ നടന്ന ഇംഗ്ലണ്ട്‌ന്യൂസിലണ്ട് മല്‍സരമാണ് പലതുകൊണ്ടും ശ്രദ്ധേയമായത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഫാസ്റ്റ് ബൗളര്‍ ടീം സൗത്തി ഏറിഞ്ഞു വീഴ്ത്തിയപ്പോള്‍ ബാറ്റ് കൊണ്ട് കൊടുങ്കാറ്റ് വിതക്കുകയായിരുന്നു ന്യൂസിലണ്ട് നായകന്‍ ബ്രണ്ടന്‍ മക്കല്ലം. വെറും 12.2 ഓവറിലാണ് ഇംഗ്ലണ്ടിന്റെ 123 എന്ന സ്‌കോര്‍ ന്യൂസിലണ്ട് മറികടന്നത്.സ്‌കോര്‍: ഇംഗ്ലണ്ട് 123/10 (33.2); ന്യൂസിലന്‍ഡ് 125/2 (12.2).

ഏഴ് വിക്കറ്റെടുത്ത് സൗത്തി ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ കടപുഴക്കിയപ്പോള്‍ ലോകകപ്പിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറി കണ്ടെത്തിയ മക്കല്ലം ഇംഗ്ലണ്ടിന്റെ പേരുകേട്ട ബോളിംഗ് നിരയെ അടിച്ചൊതുക്കി. 18 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ചാണ് മക്കല്ലം ലോകകപ്പിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി തന്റെ പേരിലാക്കിയത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയാണിത്. 17 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ള ശ്രീലങ്കയുടെ സനത് ജയസൂര്യയാണ് ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിക്കുടമ.

നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴ്ക്കുകയായിരുന്നു. കരിയറിലെ മികച്ച പ്രകടനവുമായി സൗത്തി കളംവാണപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 33.2 ഓവറില്‍ 123ല്‍ ഒതുങ്ങി. ഈ ലോകകപ്പിലെ ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. 46 റണ്‍സെടുത്ത ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. റൂട്ടിനെ കൂടാതെ മൊയീന്‍ അലി (20), ബാല്ലന്‍സ് (10), മോര്‍ഗന്‍ (17) എന്നിവര്‍ക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടക്കാനായത്.

ഒന്‍പത് ഓവറില്‍ 33 റണ്‍സ് വഴങ്ങിയാണ് സൗത്തി ഏഴ് വിക്കറ്റ് നേടിയത്. വെട്ടോറി, മില്‍നെ, ബോള്‍ട്ട് എന്നിവര്‍ ഓരോ ഇംഗ്ലീഷ് വിക്കറ്റുകള്‍ വീതം പങ്കിട്ടു. ലോകകപ്പിലെ ന്യൂസിലന്‍ഡിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെയും സ്‌കോട്ട്‌ലന്റിനെയും തോല്‍പിച്ചിരുന്നു.

Scroll To Top