Monday December 05, 2016
Latest Updates

മൂന്നര ലക്ഷം യൂറോയുടെ വാച്ച് 

മൂന്നര ലക്ഷം യൂറോയുടെ വാച്ച് 

ആപ്പിളിന്റെയും സാംസങിന്റെയുമൊക്കെ സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയിലുണ്ടാക്കുന്ന തരംഗങ്ങള്‍ നമ്മള്‍ കണ്ടു. എന്നാല്‍ ആ ശ്രേണിയില്‍പ്പെടാത്ത എന്നാല്‍ അതിലും വില കൂടിയ ഒരു വാച്ച് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. അയര്‍ലണ്ടിലെ ഒരു ജുവല്ലറിയില്‍ നിന്നും വിറ്റുപോയ ഈ അപൂര്‍വ വാച്ചിന്റെ വിലകേട്ടാല്‍ ഏതൊരാളും ഒന്നു ഞെട്ടും. മൂന്നര ലക്ഷത്തോളം യൂറോയാണ് ഒരു വാച്ചിനായി അജ്ഞാതനായ ഒരു ഐറിഷ് പൗരന്‍ മുടക്കിയിരിക്കുന്നത്. 

കോര്‍ക്കിലെ പ്രശസ്തമായ കെനേസ് ജുവല്ലറിയിലാണ് ഇത്രയും വലിയ വിലയ്ക്ക് ഒരു വാച്ചിന്റെ കച്ചവടം നടന്നിരിക്കുന്നത്. പ്രമുഖ ആഡംബര വാച്ച് നിര്‍മാതാക്കളായ സ്വിസ് ഭീമന്‍ പാതെക്ക് ഫിലിപ്പിന്റെ സെല്‍സ്റ്റെല്‍ വാച്ചാണ് ഇത്രയും ഭീമമായ തുകയ്ക്ക് വിറ്റ്‌പോയത്. 349,000 യൂറോയാണ് കെനേസ് ജുവല്ലറി ഈ വാച്ചിന് ഈടാക്കിയത്.

2011ലാണ് ഈ വാച്ചിന് വേണ്ടി കെനേസ് ജുവല്ലറിയില്‍ ഓര്‍ഡര്‍ വന്നത്.പിന്നീട് നാല് വര്‍ഷത്തോളം എടുത്തു ഈ വാച്ച് നിര്‍മ്മിക്കാനും ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് എത്തിക്കാനും. ഇത് ഒട്ടേറെ സവിശേഷതകളുളള വാച്ചാണെന്നും ഇത്തരമൊരു വാച്ച് ലോകത്ത് തന്നെ വളരെ അപൂര്‍വമായിട്ട് മാത്രമെ കാണാന്‍ കഴിയുകയുള്ളുവെന്നും കടയുടമായ പാട്രിക്ക് കെന്‍ പറയുന്നു. 

ജിഎസ്ടി ടൈമും ഡെയ്റ്റും കാണിക്കുന്ന ഈ ആഡംബര വാച്ച് കണ്ണാടിയായും ഉപയോഗിക്കാം. ഈ വാച്ച് നിര്‍മാണത്തിന് 18 ക്യാരറ്റ് സ്വര്‍ണവും 5.5 ക്യാരറ്റ് ഡയമണ്ടുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ സവിശേഷമായ സ്ട്രാപ്പ് ഉണ്ടാക്കുന്നതിന് തന്നെ രണ്ട് വര്‍ഷത്തോളം ചിലവഴിക്കേണ്ടി വന്നു. 

Scroll To Top