Wednesday December 07, 2016
Latest Updates

മൂക്കൂകൊണ്ട് ‘ക്ഷ’ വരപ്പിക്കാന്‍ ഗാര്‍ഡ ഇറങ്ങും; മദ്യപരെ പിടികൂടാന്‍ ഇനി പുതിയ തന്ത്രങ്ങള്‍

മൂക്കൂകൊണ്ട് ‘ക്ഷ’ വരപ്പിക്കാന്‍ ഗാര്‍ഡ ഇറങ്ങും; മദ്യപരെ പിടികൂടാന്‍ ഇനി പുതിയ തന്ത്രങ്ങള്‍

ഡബ്ലിന്‍ :മദ്യപിച്ച് വാഹനമോടിക്കുന്നവരെ കുടുക്കാനായി ഇനി പുതിയ പരിശോധനാരീതികളും ശിക്ഷയും.ഗാര്‍ഡ വരയ്ക്കുന്ന ഒരു നേര്‍ വരയിലൂടെ നേരെ നടന്നു വേണം ഇനി ഡ്രൈവര്‍മാര്‍ തങ്ങള്‍ കള്ളുകുടിച്ചിട്ടില്ല എന്ന് തെളിയിക്കാന്‍. കള്ളൂ കുടിച്ച് കാലെങ്ങാനും അല്‍പ്പമൊന്ന് ആടിയാല്‍ പോയി. പിന്നെ ഒരു വിരല്‍ കൊണ്ട് മൂക്ക് തൊട്ട് റോഡില്‍ ഒറ്റക്കാലില്‍ നില്‍ക്കേണ്ടിവരും.
നിയമ വ്യവസ്ഥകളില്‍ അല്‍പ്പം ഭേദഗതി വരുത്തിക്കൊണ്ട് കൂടുതല്‍ അധികാരങ്ങള്‍ ഗാര്‍ഡയ്ക്ക് നല്‍കിയിരിക്കുകയാണ് ഗതാഗത വകുപ്പ് മന്ത്രിയായ ലിയോ വരേദ്കര്‍. കൂടുതല്‍ വ്യത്യസ്ഥമായ രീതിയിലുള്ള പരിശോധനകള്‍ നടത്താനുള്ള അധികാരവും ഇനി ഗാര്‍ഡയ്ക്കുണ്ടാവും.
ഇത്തരം നിയമമാറ്റങ്ങള്‍ അനുശാസിക്കുന്ന റോഡ് ട്രാഫിക് (നമ്പര്‍ 2) ബില്ല് അടുത്ത ആഴ്ച്ചയോടുകൂടി സെനഡില്‍ ചര്‍ച്ചയ്ക്കു വയക്കും. ബില്ലിന് പിന്തുണ ലഭ്യമായാല്‍ പിന്നെ റോഡ് ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെല്ലാം മൂക്കു കൊണ്ട് ‘ക്ഷ’ വരയ്‌ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒരു വന്‍ കാല്‍വയ്പ്പാണ് ഉണ്ടാവാന്‍ പോകുന്നതെന്നും എന്നാല്‍ കുറച്ചുകൂടി മെച്ചപ്പെടുത്തല്‍ ആവശ്യമാണെന്നും മന്ത്രി വരേദ്കര്‍ പറഞ്ഞു.
2010ലെ നിയമം ഇത്തരം പരിശോധനകള്‍ അനുവദിക്കുന്നുണ്ടെങ്കിലും അത് വഴി കേസ് രജിസ്റ്റര്‍ ചെയ്ത് തെളിവായി കൊണ്ടുവരാനോ സാധിക്കില്ലായിരുന്നു. ഇത്തരം തെളിവുകളുടെ വിശ്വാസ്യത പ്രശ്‌നമായി വന്നപ്പോള്‍ അത്തരം പരിശോധനകള്‍ തള്ളപ്പെടുകയായിരുന്നു. അതുകൊണ്ട് തന്നെ അവ പാസാക്കപ്പെട്ടുമില്ല. എന്നാല്‍ പുതിയ നിയമ മാറ്റത്തില്‍ അത്തരം പരിശോധനകള്‍ നിയമത്തിന് മുന്നില്‍ എത്തിച്ചാലും വിശ്വസിക്കാന്‍ തരത്തിലുള്ള തെളിവുകളോടെ വേണമെന്നാണ് ലിയോ വരേദ്കര്‍ പറഞ്ഞത്.
2010ലെ മാറ്റങ്ങള്‍ തിരികെ കൊണ്ടുവരാനാണ് താന്‍ ശ്രമിക്കുന്നതെന്നും വരേദ്കര്‍ കൂട്ടിച്ചേര്‍ത്തു.
പദ്ധതി പ്രകാരം ഗാര്‍ഡയ്ക്ക് ഇനി ഡ്രൈവര്‍മാരോട് ഒറ്റക്കാലില്‍ നില്‍ക്കാനും ഒരു നേര്‍വരയിലൂടെ നടക്കാനും മൂക്കില്‍ തൊടാനും ഒക്കെ പറയാം.
എന്നാല്‍ ഈ നിയമമാറ്റത്തിന്റെ ലക്ഷ്യം ശിക്ഷാനടപടികള്‍ അല്ലെന്നും എന്നാല്‍ ഡ്രൈവര്‍മാരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചതിനു ശേഷമാണോ വാഹനം ഓടിക്കുന്നതെന്ന പരിശോധനയ്ക്ക് വിധേയരാക്കുകയാണെന്നും മന്ത്രി അറിയിച്ചു.
ഡ്രൈവര്‍മാര്‍ ഈ പരിശോധനകളില്‍ പരാജയപ്പെടുകയാണെങ്കില്‍ അവരെ അറസ്റ്റ് ചെയ്ത് അടുത്ത സ്റ്റേഷനില്‍ ഹാജരാക്കുകയും തുടര്‍ന്ന് രക്തവും മൂത്രവും പരിശോധിക്കുകയും ചെയ്യുമെന്ന് വരേദ്കര്‍ പറഞ്ഞു.
ഇംപയര്‍മെന്റ് ടെസ്റ്റ് റിസല്‍ട്ട് കോടതിയില്‍ തെളിവായി ഉപയോഗിക്കാമെന്ന് നിയമം അുവദിക്കുന്നുണ്ട്. എന്നാല്‍ കോടതിയുടെ ശിക്ഷാനടപടികളില്‍ താന്‍ നിരാശനാണെന്നും മന്ത്രി വരേദ്കര്‍ പറയുന്നു.
സംഭവസ്ഥലത്തു വച്ചു തന്നെ ഫൈന്‍ അടച്ചു രക്ഷപ്പെടുന്ന രീതി കാരണം ഇത്തരം നിയമങ്ങള്‍ക്ക് ബലം ഇല്ലാതായിരിക്കുകയാണെന്നും മന്ത്രി വരേദ്കര്‍ ആരോപിച്ചു.

വാഹനമോടിയ്ക്കുന്ന സമയത്ത് നിലവില്‍ 80 മില്ലിഗ്രാം (100 മില്ലി ലിറ്ററില്‍ )അനുവദനീയമായ ലീഗല്‍ ബ്ലഡ് ലിമിറ്റ് 50 ആക്കി കുറയ്ക്കാനാണ് പുതിയ ബില്‍ നിര്‍ദേശിക്കുന്നത്.ലേണേഴ്‌സിനും ടാക്‌സിക്കാര്‍ക്കും ഇത് 20 മില്ലിഗ്രാം ആയിരിക്കും.
യൂറോപ്യന്‍ നിയമങ്ങളുടെ ചുവടു പിടിച്ചു കൊണ്ടുവരുന്ന ഭേതഗതി പക്ഷേ അപൂര്‍വ്വം രാജ്യങ്ങളില്‍ മാത്രമേ നിലവിലുള്ളു.

Scroll To Top