Sunday December 11, 2016
Latest Updates

മുസ്ലീമിനെ മതം മാറ്റാന്‍ 5 ലക്ഷം ക്രിസ്ത്യാനിക്ക് 2 ലക്ഷം; മോഡി എഫക്റ്റില്‍ സംഘപരിവാര്‍ അഴിഞ്ഞാട്ടം

മുസ്ലീമിനെ മതം മാറ്റാന്‍ 5 ലക്ഷം ക്രിസ്ത്യാനിക്ക് 2 ലക്ഷം; മോഡി എഫക്റ്റില്‍ സംഘപരിവാര്‍ അഴിഞ്ഞാട്ടം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ മത പരിവര്‍ത്തനം വ്യാപകമാകുന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ധര്‍മ ജാഗരണ്‍ എന്ന സംഘടനയുടെ നേതൃത്വത്തിത്തിലാണ് മതപരിവര്‍ത്തനം ‘ഘര്‍ വാപ്പാസി’ വീട്ടിലേക്കുള്ള മടക്കം എന്ന പേരിലാണ് മത പരിവര്‍ത്തനം നടത്തുന്നത്. ഇതിനായി സംഘടന വ്യാപകമായി ലഘുലേഖകള്‍ അടിച്ചിറക്കി പണപ്പിരിവും നടത്തുന്നുണ്ട്. ഒരു മുസ്ലീമിനെ ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തണമെങ്കില്‍ അഞ്ച് ലക്ഷം രൂപ വേണം. ക്രിസ്ത്യാനിക്ക് 2 ലക്ഷവും വേണമെന്നാണ് സംഘടനയുടെ ലഘുലേഖയില്‍ പറയുന്നത്.

ക്രിസ്തുമസ് ദിനത്തില്‍ ഒരു ലക്ഷം ക്രിസ്ത്യാനികളെയും ഒരു ലക്ഷം മുസ്ലീങ്ങളെയും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണ് ലക്ഷ്യമെന്ന് സംഘടന പറയുന്നു. പണപ്പിരിവിനായി യുപിയിലെ അലിഗഡില്‍ വ്യാപകമായി ഇത്തരം ലഘുലേഖകള്‍ വിതരണം ചെയ്യുന്നുണ്ട്. പ്രത്യക്ഷത്തില്‍ ബിജെപി മത പരിവര്‍ത്തനം നടത്തുന്ന സംഘയ്ക്ക് പിന്തുണ നല്‍കുന്നില്ലെങ്കിലും ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ ബിജെപി എംപി യോഗി ആതിത്യനാഥ് മത പരിവര്‍ത്തന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം യുപിയില്‍ തന്നെ റേഷന്‍ കാര്‍ഡ് വാഗ്ദാനം ചെയ്ത് മുസ്ലീങ്ങളെ മത പരിവര്‍ത്തനം ചെയ്‌തെന്ന വാര്‍ത്ത ലോക്‌സഭയിലും രാജ്യസഭയിലും വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് മത പരിവര്‍ത്തന നീക്കം കൂടുതല്‍ വ്യാപകമാക്കി സംഘപരിവാര്‍ സംഘടനകള്‍ മുന്നോട്ടു പോകുന്നത്.

Scroll To Top