Wednesday December 07, 2016
Latest Updates

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, ഒപ്പം ആശങ്കയും; കേരളം ഇന്ന് സുപ്രീം കോടതിയില്‍

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, ഒപ്പം ആശങ്കയും; കേരളം ഇന്ന് സുപ്രീം കോടതിയില്‍

ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുന്നതിനെതിരെ കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിക്കാനിരിക്കെ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. 138.2 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നത്. തമിഴ്‌നാട് വെള്ളം കൊണ്ട് പോകുന്നത് കുറച്ചതോടെയാണ് ഡാമില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നത്. ഡാമിന്റെ ബലക്ഷയവും ഷട്ടറുകളുടെ ചോര്‍ച്ചയും കണക്കിലെടുത്ത് ജലനിരപ്പ് ഉയര്‍ത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിക്കുക.

എന്നാല്‍ പദ്ധതി പ്രദേശത്തെ കനത്ത മഴ തുടരുകയും തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് കുറയ്ക്കുകയും ചെയ്തതോടെയാണ് വീണ്ടും ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയത്. ഇത് വള്ളക്കടവ്, ചപ്പാത്ത് പ്രദേശത്ത് വീണ്ടും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ജലനിരപ്പ് 138 അടിയായി ഉയര്‍ന്ന സാഹചര്യത്തിലും തമിഴ്‌നാട് മുന്‍കരുതല്‍ നടപടിക്ക് വേണ്ട പ്രവര്‍ത്തന പട്ടിക നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യം കേരളം സുപ്രീം കോടതിയെ ബോധിപ്പിക്കും.

ഡാമിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുന്നതിന് ഈ വര്‍ഷമാണ് സുപ്രീം കോടതി തമിഴ്‌നാടിനു അനുമതി നല്‍കിയത്. ഇതിനെതിരെയുള്ള പുനഃപരിശോധ ഹര്‍ജി സുപ്രീം കോടതി പരിഗണിനയിലിരിക്കെയാണ് കേരളം ഇടക്കാല ഹര്‍ജി നല്‍കുന്നത്. നിയമ നടപടികള്‍ക്കായി മുല്ലപ്പെരിയാര്‍ സെല്‍ അംഗങ്ങള്‍ ബുധനാഴ്ച തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു.

Scroll To Top