Thursday December 08, 2016
Latest Updates

മുല്ലപ്പെരിയാര്‍: ഹര്‍ത്താല്‍ ആരംഭിച്ചു; ഇടുക്കിയില്‍ പൂര്‍ണ്ണം; മറ്റ് ജില്ലകളില്‍ ഭാഗിക പ്രതികരണം

മുല്ലപ്പെരിയാര്‍: ഹര്‍ത്താല്‍ ആരംഭിച്ചു; ഇടുക്കിയില്‍ പൂര്‍ണ്ണം; മറ്റ് ജില്ലകളില്‍ ഭാഗിക പ്രതികരണം

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സമര സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സമര സമിതി പ്രഖ്യാപിച്ച ഹര്‍ത്താലിന് ഹൈറേഞ്ച് സംരക്ഷണ സമിതിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ യു ഡി എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. അതേസമയം മറ്റ് ജില്ലകളില്‍ ഹര്‍ത്താലിനോട് സമ്മിശ്ര പ്രതികരണമാണ്. ഇടുക്കി ജില്ലയില്‍ കടകള്‍ അടഞ്ഞു കിടക്കുകയാണ്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നില്ല. ഇടുക്കി ഒഴികെ മറ്റ് ജില്ലകളില്‍ സര്‍വീസ് നടത്തുമെന്ന് സ്വകാര്യ ബസുകളുടെ വിവിധ സംഘടനകള്‍ അറിയിച്ചിരുന്നു. ഇടുക്കിയില്‍ ഒഴികെ മറ്റ് ജില്ലകളില്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികളുടെ സംഘടനകളും പ്രഖ്യാപിച്ചിരുന്നു. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ വിവിധ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു.

അതിനിടെ കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ജൂണ്‍ 30നകം കേരളം പുനപരിശോധന ഹര്‍ജി നല്കും. പുനപരിശോധന ഹര്‍ജി നല്‍കുന്നത് സംബന്ധിച്ച് കേരളം നിയമ വിദഗ്ദരുമായി കൂടിയാലോചന ആരംഭിച്ചു.

Scroll To Top