Friday December 09, 2016
Latest Updates

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തും; ഉപസമിതിയുടെ പ്രവര്‍ത്തനം അട്ടിമറിക്കാനും തമിഴ്‌നാട് നീക്കം

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തും; ഉപസമിതിയുടെ പ്രവര്‍ത്തനം അട്ടിമറിക്കാനും തമിഴ്‌നാട് നീക്കം

ഇടുക്കി: മുല്ലപ്പെരിയാര്‍ നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഉപസമിതിയുടെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ തമിഴ്‌നാട് നീക്കം. അണക്കെട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേരളവും അറിയരുതെന്ന ലക്ഷ്യത്തിലാണ് തമിഴ്‌നാടിന്റെ നീക്കങ്ങള്‍ എന്നാണ് സൂചന. വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യമാക്കരുതെന്നു സമിതി ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. ആഴ്ചതോറും അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്ത ണമെന്നാണ് ഉപസമിതിക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശം.

എന്നാല്‍ മൂന്ന് മാസത്തിനിടെ നാല് തവണ മാത്രമാണ് ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ചത്.ഒക്‌ടോബര്‍ 30നായിരുന്നു അവസാനമായി പരിശോധന നടത്തിയത്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും രണ്ട് വീതം പ്രതിനിധികളും ഒരു അധ്യക്ഷനുമാണ് സമിതിയിലുള്ളത്. കേന്ദ്ര ജലക്കംമീശന്റെ അസൌകര്യവും തമിഴ്‌നാടിന്റെ നിസഹകരണവുമാണ് പരിശോധന നടക്കാത്തതിന് കാരണം. ഇത് സമിതിയുടെ പ്രവര്‍ത്തനം അട്ടിമറിക്കുന്നതിന് വേണ്ടി തമിഴ്‌നാട് മനപൂര്‍വം ചെയ്യുന്നതാണെന്നാണ് ആരോപണം.

ജലനിരപ്പ് ഉയരുകയും തമിഴ്‌നാട് നിസഹകരണം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരളം ആശങ്കയിലായിരിക്കുകയാണ്. അതിനിടെ ഉപസമിതിയെ പിരിച്ച് വിടാന്‍ തമിഴ്‌നാട് നീക്കം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. അണക്കെട്ടില്‍ നിന്ന് പ്രതിദിനം നഷ്ടപ്പെടുന്ന സുര്‍ക്കിയുടെയും സീപ്പേജ് വെള്ളത്തിന്റെയും അളവ് കേരളം പുറത്ത് വിട്ടിരുന്നു. ഇതേതുടര്‍ന്നാണ് സമിതിയുടെ പരിശോധന വിവരങ്ങള്‍ പുറത്ത് വരുന്നത് തടയാനും സമിതിയെ തന്നെ പിരിച്ചു വിടാനും തമിഴ്‌നാട് ശ്രമം തുടങ്ങിയത്.

അതിനിടെ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയര്ത്താനും തമിഴ്‌നാട് ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

Scroll To Top