Sunday December 11, 2016
Latest Updates

മുല്ലപ്പെരിയാര്‍ : കേരളത്തിന്റെ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

മുല്ലപ്പെരിയാര്‍ : കേരളത്തിന്റെ പുനഃപരിശോധന  ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ പുനഃപരിശോധന  ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്ത്രവിനെതിരെയാണ് കേരളം റിവ്യൂ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിരമിച്ച ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയുടെ ഒഴിവില്‍ ജസ്റ്റിസ്  സി. നാഗപ്പനെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ച അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തണമെന്ന 2006ലെ സുപ്രീംകോടതി ഉത്തരവ് അസാധുവാക്കാന്‍ കേരള നിയമസഭ കൊണ്ടുവന്ന  നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞു മെയ് ഏഴിന് ജലനിരപ്പ് ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി കൊടുത്തത്. ജലം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് തിരുവിതാംകൂര്‍ ഭരണകൂടവും ബ്രിട്ടീഷ് ഇന്ത്യയും തമ്മില്‍ 1886ല്‍  ഒപ്പുവച്ച കരാര്‍ നിലനില്ക്കില്ലെന്നും കേരളം വാദിക്കും. തമിഴ്‌നാടിന് പാട്ടക്കരാറിന്റെ പിന്തുടര്‍ച്ചാവകാശമില്ലെന്നും കേരളം കോടതിയെ ബോധിപ്പിക്കും.

അണക്കെട്ട് സുരക്ഷിതമാണെന്ന ഉന്നതാധികാര സമിതിയുടെ കണ്ടെത്തല്‍ തെറ്റാണ്. ഉന്നതാധികാര സമിതി കേരളത്തിന്റെ വാദങ്ങള്‍ പരിഗണിച്ചിട്ടില്ല.തുടങ്ങിയ കാര്യങ്ങളും കേരളം സുപ്രീം കോടതിയില്‍ ഉന്നയിക്കും. പ്രശ്‌നപരിഹാരത്തിന് പുതിയ അണക്കെട്ട് നിര്‍മ്മിക്കുക ഏക പോംവഴിയെന്നും കേരളം സുപ്രീം കോടതിയില്‍ വാദിക്കും. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll To Top