Sunday December 04, 2016
Latest Updates

മുല്ലപ്പൂ വിപ്ലവം സൃഷ്ടിക്കാന്‍ ജാസ്മിന്‍ ഷാ

മുല്ലപ്പൂ വിപ്ലവം സൃഷ്ടിക്കാന്‍ ജാസ്മിന്‍ ഷാ

തൃശൂര്‍: സാധാരണക്കാരുടെ പ്രതിനിധിയായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ ആം ആദ്മി എന്ന് വിളിക്കാമെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ ആ വിശേഷണം ഏറ്റവും യോജിക്കുന്നത് തൃശൂരില്‍ മത്സരിക്കുന്ന യുണൈട്ടഡ് നഴ്‌സസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷായ്ക്കാണ്. കേരളത്തിലെ നഴ്‌സുമാര്‍ക്കിടയില്‍ ജാസ്മിന്‍ റെവല്യൂഷന്‍ അഥവാ മുല്ലപ്പൂ വിപ്ലവം സൃഷ്ടിച്ച് പൊതുരംഗത്തേക്ക് കടന്നു വന്ന ജാസ്മിന്‍ ഷാ അടിച്ചമര്‍ത്തപ്പെട്ട നഴ്‌സിംഗ് സമൂഹത്തിന്റെ പ്രതിനിധിയായാണ് മത്സരിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ തികച്ചും സ്വതന്ത്രമായാണ് ജാസ്മിന്‍ ഷാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

വ്യക്തിപരമായി ഒരു രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും കുറ്റം പറയാതെ മാറ്റത്തിന് വേണ്ടി വോട്ടു ചോദിച്ചു കൊണ്ടാണ് തങ്ങള്‍ മുന്‍പോട്ടു പോകുന്നതെന്ന് ജാസ്മിന്‍ തന്റെ ഫെയ്‌സ്ബുക്ക് വാളില്‍ എഴുതിയ കുറിപ്പില്‍ നയം വ്യക്തമാക്കുന്നു. യുവത്വത്തിന്റെ ശക്തി തെരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്നും ജാസ്മിന്‍ ഷാ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. നഴ്‌സിംഗ് മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ഭൂരിപക്ഷമുള്ള തൃശൂര്‍ മത്സരിക്കുന്നതിനായി തെരഞ്ഞെടുത്തതിലൂടെ നഴ്‌സുമാരുടെ പ്രശങ്ങള്‍ അധികാരി വര്‍ഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുമെന്നു ജാസിനും സുഹൃത്തുക്കളും പ്രതീക്ഷിക്കുന്നു.

ജനകീയ മുന്നണിയുടെ പിന്തുണയോടെ സ്വതന്ത്രനായാണ് ജാസ്മിന്‍ ഷാ മത്സരിക്കുന്നത്. മറ്റുള്ളവര്‍ക്കായി സേവനം ചെയ്യുന്ന സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയില്‍ കത്തുന്ന മെഴുകുതിരിയാണ് ജാസ്മിന്‍ ഷായുടെ തെരഞ്ഞെടുപ്പ് ചിഹ്നം. വീടുകള്‍ കയറി ഇറങ്ങിയും ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള നവ മാധ്യമങ്ങളിലൂടെയുമാണ് ജാസ്മിനും കൂട്ടരും തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. യുണൈട്ടഡ് നഴ്‌സസ് അസോസിയേഷന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയും ഗ്രൂപ്പിലൂടെയുമാണ് പ്രധാനമായും സോഷ്യല്‍ മീഡിയയിലെ പ്രചരണം നിയന്ത്രിക്കുന്നത്.

മണ്ഡല പര്യടനത്തില്‍ ദിനംപ്രതി 15000 മുതല്‍ 20000 വരെ വീടുകളില്‍ നേരിട്ട എത്തി വോട്ട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. നഴ്‌സുമാരെ കൂടാതെ വിവിധ അസംഘടിത മേഖലകളില്‍ പണിയെടുക്കുന്ന ജീവനക്കാരും കൂടി ഉള്‍പ്പെട്ട സംഘമാണ് ജാസ്മിന് വേണ്ടി വീടുകള്‍ കയറി ഇറങ്ങി വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. സിബിഎസ്ഇ അധ്യാപകരും ടെക്സ്റ്റയില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരും ജാസ്മിന്‍ ഷായ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്. 2000 പേരുടെ സ്‌ക്വാഡാണ് ജാസ്മിന്‍ ഷായ്ക്ക് വേണ്ടി ഭവന സന്ദര്‍ശനം നടത്തുന്നത്.

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സമര രംഗത്തേക്ക് വരുമ്പോഴാണ് ജാസ്മിന്‍ ഷാ എന്ന ചെറുപ്പക്കാരനെ കേരളം ശ്രദ്ധിച്ചുതുടങ്ങുന്നത്. 2011 ല്‍ തൃശൂരില്‍ രൂപീകൃതമായ യുണൈട്ടഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ജാസ്മിന്‍ ഷായും ഒരുകൂട്ടം ചെറുപ്പക്കാരും സമരരംഗത്തെക്ക് വരുന്നത്. അതുവരെ മതിയായ വേതനം നല്‍കാതെ ആശുപത്രി മാനേജ്‌മെന്റ്‌റ് പീഡിപ്പിച്ചുകൊണ്ടിരുന്ന നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ എത്തുന്നത് ജാസ്മിന്‍ ഷായുടെ നേതൃത്വത്തില്‍ നടന്ന സമരത്തോടെയാണ്.

വെറും അയ്യായിരം രൂപ ശമ്പളം നല്കി 12 മുതല്‍ 18 മണിക്കൂര്‍ വരെ നഴ്‌സുമാരെ ജോലിയെടുപ്പിക്കുന്നതിനെതിരെയാണ് ഇവര്‍ സമരം തുടങ്ങിയത്. തൃശൂരിലെ ആശുപത്രികളില്‍ ആരംഭിച്ച സമരം പിന്നീട് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും കത്തിപ്പടര്‍ന്നു. അമൃത ഉള്‍പ്പെടെ രാഷ്ട്രീയ സ്വാധീനമുള്ള മാനേജ്‌മെന്റുകള്‍ ജാസ്മിനെയും കൂട്ടരെയും ശാരീരികമായി ആക്രമിച്ച് സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഈ ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ അചഞ്ചലമായി നിന്നതോടെ ആശുപത്രി മാനേജ്‌മെന്റുകള്‍ മുട്ടുമടക്കി.

നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളവും ജോലി സാഹചര്യവും ഒരുക്കണമെന്നും ബലരാമന്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നത് പ്രകാരമുള്ള വേതനം നല്‍കണമെന്നുമായിരുന്നു. ഒടുവില്‍ ചില ആശുപത്രികളിലെങ്കിലും മാന്യമായ വേതനം ഉറപാക്കാന്‍ ജാസ്മിന്‍ ഷായുടെ നേതൃത്വത്തിലുള്ള സമരത്തിനു കഴിഞ്ഞു. ഇപ്പോഴും ചില ആശുപത്രികളില്‍ ഇവര്‍ സമര രംഗത്താണ്. ഇനിയും ചൂഷണം അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ജാസ്മിന്‍ ഷായും കൂട്ടരും ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് നല്‍കിയത്. ഈ സമരം പകര്‍ന്ന ഊര്‍ജ്ജവുമായാണ് ജാസ്മിന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളോട് എതിരിട്ട് അട്ടിമറി ജയമൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും തങ്ങളുടെ പ്രശ്‌നങ്ങള്‍ ഇനിയും അവഗണിക്കുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ജാസ്മിന്‍ ഷായുടെ മത്സരം.

Scroll To Top