Monday December 05, 2016
Latest Updates

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്ക്ക് ഭാരതരത്‌ന നല്‍കാന്‍ തീരുമാനം

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്ക്ക് ഭാരതരത്‌ന നല്‍കാന്‍ തീരുമാനം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്ക്ക് ഭാരതരത്‌ന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സ്വാതന്ത്ര്യ സമര സേനാനി മദന്‍ മോഹന്‍ മാളവ്യയ്ക്കും ഭാരതരത്‌ന നല്‍കും. ഇത് സംബന്ധിച്ച പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്രത്തിന്റെ ശുപാര്‍ശ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിച്ചു. വാജ്‌പേയിയുടെ ജന്മദിനം കൂടിയായ നാളെ പുരസ്‌ക്കാരം പ്രഖ്യാപിക്കാനാണ് ആലോചന. രാജ്യത്തിന്റെ പരമോന്നത സൈനികേതര ബഹുമതിയായ ഭാരതരത്‌ന വാജ്‌പേയ്ക്ക് നല്‍കണമെന്ന് നേരത്തെയും ആവശ്യം ഉയര്‍ന്നിരുന്നു.

എന്നാല്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇത് അംഗീകരിച്ചില്ല. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ വാജ്‌പേയ്ക്ക് ഭാരതരത്‌ന നല്‍കുമെന്ന് നരേന്ദ്ര മോഡി ഉള്‍പ്പെടയുള്ള നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ്, അമിത് ഷാ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വാജ്‌പേയ്ക്ക് ഭാരതരത്‌ന നല്‍കാന്‍ തീരുമാനിച്ചത്.

1954ലാണ് ഭാരതരത്‌ന പുരസ്‌ക്കാരം നിലവില്‍ വന്നത്. കല, സാഹിത്യം, ശാസ്ത്രം, പൊതുസേവനം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കാണ് ഭാരതരത്‌ന നല്‍കുന്നത്. മുന്‍ പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെ 43 പേര്‍ക്ക് ഇതുവരെ ഭാരതരത്‌ന ലഭിച്ചിട്ടുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ , പ്രശസ്ത ശാസ്ത്രജ്ഞന്‍ സി എന്‍ ആര്‍ റാവു എന്നിവര്‍ക്കാണ് ഏറ്റവും ഒടുവില്‍ ഭാരതരത്‌ന ലഭിച്ചത്.

Scroll To Top