Saturday December 10, 2016
Latest Updates

മുന്‍പ് പിഴയടച്ചു തീര്‍ത്ത കേസില്‍ ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ മലയാളിക്ക് വീണ്ടും വിലങ്ങ്

മുന്‍പ് പിഴയടച്ചു തീര്‍ത്ത കേസില്‍ ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ മലയാളിക്ക് വീണ്ടും വിലങ്ങ്

ബഹ്‌റൈന്‍ :നാട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ മലയാളി വര്‍ഷങ്ങള്‍ക്കു മുമ്പ് പിഴയടച്ചു തീര്‍ത്ത കേസില്‍ എയര്‍പോര്‍ട്ടില്‍ പിടിയിലായി. ബഹ്‌റൈന്‍ എയര്‍പോര്‍ട്ടിലാണ് സംഭവം. കോഴിക്കോട് സ്വദേശി അബ്ദുല്ല കടവത്തുകണ്ടിക്കാണ് ഈ ദുരനുഭവം. മാതാവിനു സുഖമില്ലെന്നറിഞ്ഞാണ് അബ്ദുല്ല നാട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയത്. ബോര്‍ഡിംഗ് പാസ് സ്വീകരിച്ച് എമിഗ്രേഷനില്‍ ചെന്നപ്പോള്‍ ഒരു കേസുള്ളതിനാല്‍ യാത്രാ വിലക്കുണ്ടെന്ന് പറഞ്ഞ് അധികൃതര്‍ എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചയക്കുകയായിരുന്നു.

സാമ്പത്തിക ക്രമക്കേട്, ക്രിമിനല്‍ കുറ്റം എന്നിവയില്‍ കേസുള്ളവര്‍ക്ക് അവ ക്ലിയര്‍ ചെയ്യാതെ രാജ്യം വിടാനാവില്ലെന്നാണ് ബഹ്‌റൈന്‍ എമിഗ്രേഷന്‍ നിയമം.

കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചപ്പോഴാണ് മൂന്നുവര്‍ഷം മുമ്പ് താന്‍ പിഴ അടച്ചുതീര്‍ത്ത കേസാണിതെന്ന് അബ്ദുല്ലയ്ക്കു ബോധ്യപ്പെട്ടത്. 2012ല്‍ തന്റെ വ്യാപാര സ്ഥാപനത്തില്‍ സിഗരറ്റ് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കേസ്.

ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലാതെ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ബഹ്‌റൈനില്‍ അനുമതിയില്ല. കോള്‍ഡ് സ്‌റ്റോറേജ് നടത്തുകയായിരുന്ന അബ്ദുല്ല അനുമതിയില്ലാതെയായിരുന്നു പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്നത്. സിഗരറ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചതിന് 1,200 ദിനാര്‍ (ഏകദേശം20,000 രൂപ) അബ്ദുല്ലയ്ക്ക് പിഴയിട്ടു. പിഴ ഒടുക്കിയതില്‍പിന്നെ മൂന്നു പ്രാവശ്യം അബ്ദുല്ല നാട്ടില്‍ പോയിവന്നിട്ടുണ്ട്. എന്നാല്‍ പെട്ടെന്ന് എന്തുകൊണ്ടാണ് ഇപ്പോള്‍ മാത്രം യാത്രാവിലക്കുണ്ടായതെന്ന് അല്‍ഭുതപ്പെടുകയാണ് അബ്ദുല്ല. എമിഗ്രേഷന്‍ വിഭാഗത്തിലെ ഡേറ്റാ ബെയ്‌സില്‍ കേസ് തീര്‍ന്നതായി അപ്‌ഡേറ്റ് ആയിട്ടുണ്ടാവില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

Scroll To Top