Saturday December 03, 2016
Latest Updates

മുന്നറിയിപ്പ് :പെരിയാറിന്റെ തീരത്ത് നില്‍ക്കരുത് !

മുന്നറിയിപ്പ് :പെരിയാറിന്റെ തീരത്ത് നില്‍ക്കരുത് !

കോതമംഗലം: അണകള്‍ തുറന്നു വിടുമെന്ന സൂചനയില്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍ ഡാമുകള്‍ തുറക്കുമെന്ന ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് പെരിയാറിന്റെ തീരത്തുള്ളവര്‍ ആശങ്കയില്‍.

ഇടുക്കി ചെറുതോണി ഡാമും ലോവര്‍പെരിയാര്‍ പാംബ്ല ഡാമും തുറന്നാല്‍ പെരിയാറില്‍ എത്രമാത്രം ജലനിരപ്പ് ഉയരുമെന്നറിയാതെ കോതമംഗലം മേഖലയിലെ നീണ്ടപാറ, നേര്യമംഗലം, ഇഞ്ചത്തൊട്ടി, തട്ടേക്കാട്, ഭൂതത്താന്‍കെട്ട്, വേട്ടാമ്പാറ പ്രദേശത്തുള്ളവര്‍ ആശങ്കയിലാണ്. കുട്ടമ്പുഴയാറിലും ജലനിരപ്പ് ഉയരാന്‍ ഇടയുണ്ട്. പെരിയാറിന്റെ തീരത്ത് വീടുവച്ച് താമസിക്കുന്നവര്‍ ഏറെയില്ലാത്തതിനാല്‍ ദുരന്തത്തിനു സാധ്യത കുറവാണ്.

ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ 13 എണ്ണം ആഴ്ചകളായി ഉയര്‍ത്തിരിക്കുകയാണ്. ശേഷിക്കുന്ന രണ്ടു ഷട്ടറുകള്‍ തകരാറിലുമാണ്. ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ നാലു ഷട്ടറുകളില്‍ മൂന്നെണ്ണം ഒരു മീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഇവിടെ നിന്നുള്ള വെള്ളവും ഭൂതത്താന്‍കെട്ടിലെത്തി പെരിയാറില്‍ പതിക്കും. പെരിയാറിന്റെ തീരത്തും ഡാമിന്റെ വൃഷ്ടിപ്രദേശത്തും മഴവീണ്ടും കനത്താല്‍ പെരിയാറില്‍ ഉണ്ടാകാവുന്ന ജലനിരപ്പ് കണക്കുകൂട്ടാവുന്നതിലും അധികമാവും.

ഓഗസ്റ്റ് നാലിന് ഭൂതത്താന്‍കെട്ട്, ഇടമലയാര്‍, പാംബ്ല, കല്ലാര്‍കുട്ടി, പൊന്മുടി ഡാമുകള്‍ തുറന്നപ്പോള്‍ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാമിനു താഴെ പെരിയാറിന്റെ തീരത്തുള്ള 12 വീടുകളാണു മലവെള്ളപാച്ചിലില്‍ ഒലിച്ചുപോയത്. പെരിയാര്‍വാലി കനാല്‍ പ്രദേശത്തും വെള്ളം കയറി.

ചെറുതോണിയില്‍ ഡാം തുറന്ന് നാലു മണിക്കൂറിലേറെ കഴിഞ്ഞാലേ കോതമംഗലം മേഖലയില്‍ വെള്ളം ഉയരുകയുള്ളൂ. പകല്‍സമയം മാത്രമേ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തൂവെന്നതിനാല്‍ പ്രദേശത്ത് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കു സൗകര്യം ലഭിക്കും.

ചെറുതോണിഡാം തുറക്കുകയാണെങ്കില്‍ പെരിയാറില്‍ വെള്ളം പൊങ്ങുന്നതു കാണാന്‍ തീരങ്ങളില്‍ നില്‍ക്കരുതെന്നും പുഴ മുറിച്ചുകടക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

പുഴയുടെ കരയിലും ചപ്പാത്തുകളിലും പാലങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്നും തീരപ്രദേശത്തു താമസിക്കുന്നവര്‍ വിലപിടിപ്പുള്ള സാമഗ്രികളും രേഖകളും മറ്റും സുരക്ഷിതസ്ഥലങ്ങളിലേയ്ക്കു മാറ്റണമെന്നും അറിയിപ്പില്‍ പറയുന്നു

Scroll To Top