Friday December 09, 2016
Latest Updates

മുഖപ്രസംഗ വിവാദം: കോണ്‍ഗ്രസ് ലീഗ് പോര് മൂക്കുന്നു

മുഖപ്രസംഗ വിവാദം: കോണ്‍ഗ്രസ് ലീഗ് പോര് മൂക്കുന്നു

തിരുവനനതപുരം: വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തെച്ചൊല്ലി കോണ്‍ഗ്രസ് ലീഗ് പോര് മൂക്കുന്നു. വീക്ഷണത്തിനു മറുപടിയുമായി ഇന്ന് ലീഗ് മുഖപ്പത്രം ചന്ദ്രിക രംഗത്ത് വന്നു. ലീഗിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് മുഖപ്പത്രത്തിന് പ്രതിപക്ഷത്തിന്റെ മാന്യത പോലുമില്ലെന്ന് ചന്ദ്രിക കുറ്റപ്പെടുത്തുന്നു.

ചിലര്‍ മലബാറിനെ ഒരു പ്രത്യേക മതത്തിന്റെ കള്ളിയില്‍പെടുത്തി ഒറ്റതിരിഞ്ഞ് കുത്തിനോവിക്കാന്‍ ശ്രമിക്കുകയാണെന്നും ലീഗ് മുഖപ്പത്രം കുറ്റപ്പെടുത്തുന്നു. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ പുതിയ സ്‌കൂളുകളും പ്ലസ്ടു ബാച്ചുകളും തുടങ്ങണമെന്ന് പറഞ്ഞത് കേരള ഹൈക്കോടതിയാണ്. വിദ്യാര്‍ത്ഥി അനുപാതവും ജനസംഖ്യാനുപാതവും നോക്കിയാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്നും ചന്ദ്രിക പറയുന്നു. ലീഗ് മന്ത്രിമാര്‍ അനര്‍ഹമായി പലതും കൈപ്പറ്റുന്നു എന്ന് വ്യാജപൊതുബോധം സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമമെന്ന് ചന്ദ്രിക കുറ്റപ്പെടുത്തുന്നു.

ലീഗ് ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഈജിയന്‍ തൊഴുത്താണെന്നും അത് വൃത്തിയാക്കിയെ മതിയാകൂ എന്നുമായിരുന്നു കോണ്‍ഗ്രസ് മുഖപ്പത്രമായ വീക്ഷണത്തിലെ വിമര്‍ശനം. എന്നാല്‍ മുഖപ്രസംഗം വിവാദമായതോടെ ഇന്നലെ വൈകുന്നേരം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പാര്‍ട്ടി മുഖപ്രസംഗത്തെ തള്ളിപ്പറഞ്ഞിരുന്നു.

Scroll To Top