Saturday December 10, 2016
Latest Updates

മാറ്റര്‍ ആശുപത്രിയിലെ ‘സൂപ്പര്‍ ഭക്ഷണം’ ദേശീയ ചര്‍ച്ചയാവുന്നു !

മാറ്റര്‍ ആശുപത്രിയിലെ ‘സൂപ്പര്‍ ഭക്ഷണം’ ദേശീയ ചര്‍ച്ചയാവുന്നു !

ഡബ്ലിന്‍ :അയര്‍ലണ്ടിലെ വലിയ ആശുപത്രികളില്‍ ഒന്നായ മാറ്റര്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് നല്‍കുന്നത് താഴ്ന്ന നിലവാരമുള്ള ഭക്ഷണമെന്ന് ആരോപണം

ഇത് സംബന്ധിച്ചുള്ള ഒരു പരാതി കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളുടെ പോലും പരാമര്‍ശ വിഷയമായി.
ഫ്രാങ്ക് എന്ന 70കാരനായ രോഗിക്കാണ് വൈകിട്ട് കഴിക്കാനായി ‘വളരെ മികച്ച’ ഭക്ഷണം എന്ന പേരില്‍ ഉരുളക്കിഴങ്ങ് വേവിച്ച കഷ്ണങ്ങളും സേവറി മൈന്‍സുമാണ് നല്‍കിയത്.
തന്റെ അച്ഛന് നല്‍കിയ പോഷകമൂല്യമുള്ള ഭക്ഷണം കണ്ട് ഞെട്ടിയ മകന്‍ സീന്‍ ഡിക്ലെയിന്‍ ആണ് ഇതിന്റെ പടം എടുത്ത് ആശുപത്രി നല്‍കുന്ന ഭക്ഷണത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ഈസ്റ്റ് വാള്‍ സ്വദേശിയായ ഫ്രാങ്ക് ഡി’ക്ലെയിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൂന്നാഴ്ച്ചയായി ഇതേ രീതിയിലുള്ള ഭക്ഷണങ്ങള്‍ തന്നെയാണ് ലഭിച്ചിരുന്നതെന്നും ഇപ്പോള്‍ ഇത് അതിക്രമിച്ചിരിക്കുകയാണെന്നും ഫ്രാങ്ക് മാധ്യമങ്ങളോട് പറഞ്ഞു.

മോശം നിലവാരത്തിലുള്ള ഭക്ഷണങ്ങളാണ് ലഭ്യമായിക്കൊണ്ടിരുന്നതെങ്കിലും കഴിഞ്ഞ ദിവസം ലഭിച്ചത് വളരെ മോശമായ ഭക്ഷണമാണെന്ന് സീന്‍ ആരോപിച്ചു. പ്രായമുള്ള ഒരാള്‍ക്ക് ഇക്കാലത്ത് കഴിക്കാന്‍ ഇത്തരത്തില്‍ ഒരു ആശുപത്രിയില്‍ നിന്നും മോശം ഭക്ഷണം ലഭിക്കുമെന്നുള്ളത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണെന്നും സീന്‍ കൂട്ടിച്ചേര്‍ത്തു. പല മേഖലകളിലും വെട്ടിച്ചുരുക്കലുകള്‍ നടത്തിയെന്നറിയാമെങ്കിലും ആരോഗ്യമേഖലയില്‍ നിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ വെട്ടിച്ചുരുക്കലിന്റെ ഭാഗമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും സീന്‍ പറഞ്ഞു.

മാറ്റര്‍ ആശുപത്രി കാറ്ററിംഗ് സര്‍വ്വീസ് ഹെഡ് കഴിഞ്ഞ ദിവസം തന്നെ രോഗിയെയും ബന്ധുക്കളെയും കണ്ട് ക്ഷമ പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ മാറ്റര്‍ ആശുപത്രി വക്താവ് ഭക്ഷണത്തെ അനുകൂലിച്ച് സംസാരിക്കുകയാണ് ചെയ്തത്. വളരെ പോഷകമൂല്യമുള്ള ആഹാരങ്ങള്‍ രോഗികള്‍ക്ക് നല്‍കുന്നതില്‍ തന്നെയാണ് ആശുപത്രി സ്റ്റാഫുകള്‍ ശ്രദ്ധ വയ്ക്കുന്നതെന്നാണ് വക്താവ് അറിയിച്ചിട്ടുള്ളത്. ആശുപത്രിക്കെതിരെയോ സേവനങ്ങള്‍ക്കെതിരെയോ പരാതി വരുന്നത് വളരെ കുറവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വളരെ മികച്ച രീതിയിലുള്ള, പോഷക മൂല്യമുള്ള ഭക്ഷണങ്ങളാണ് 2013ല്‍ ആശുപത്രിയിലെ കാറ്ററിംഗ് സര്‍വ്വീസ് നല്കിയിരുന്നതെന്നും വക്താവ് ചൂണ്ടിക്കാട്ടി.
വളരെ പരിമിതമായ ബജറ്റിലും ഇത്തരത്തില്‍ മികച്ച മെനു തന്നെ രോഗികള്‍ക്കായി ഒരുക്കാന്‍ ഇവര്‍ ശ്രദ്ധിച്ചിരുന്നതായും വക്താവ് അറിയിച്ചു.

സീന്‍ ഡി’ക്ലെയിന്‍ എച്ച്എസ്ഇക്കും പേഷ്യന്റ്‌സ് സര്‍വ്വീസസിനും പരാതി നല്‍കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണവും നടപടികളും ഉടന്‍ തന്നെ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഭക്ഷണ സര്‍വ്വീസിനെതിരെ രോഗികള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന പരാതി സംബന്ധിച്ച് കാറ്ററിംഗ് സര്‍വ്വീസിനോട് കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് ആശുപത്രി വക്താവ് അറിയിച്ചിട്ടുണ്ട്.

Scroll To Top