Saturday December 03, 2016
Latest Updates

മാര്‍ ജോര്‍ജ് ഞെരളക്കാട്ട് തലശേരി ആര്‍ച്ച് ബിഷപ്പ് 

മാര്‍ ജോര്‍ജ് ഞെരളക്കാട്ട് തലശേരി ആര്‍ച്ച് ബിഷപ്പ് 

കൊച്ചി: മാര്‍ ജോര്‍ജ് ഞെരളക്കാട്ട് തലശേരി ആര്‍ച്ച് ബിഷപ്പ്. തലശേരി ആര്‍ച്ച് ബിഷപ്പായി മാര്‍ ജോര്‍ജ് ഞെരളക്കാട്ടിനെ നിയമിച്ചു. 75 വയസായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം വിരമിച്ച ഒഴിവിലാണ് മാര്‍ ജോര്‍ജ് ഞെരളക്കാട്ടിന്റെ നിയമനം. സീറോ മലബാര്‍ സിനഡിന്റെ തീരുമാനം വത്തിക്കാന്‍ അംഗീകരിച്ചതോടെ സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസിലും വത്തിക്കാനിലും പ്രഖ്യാപനമുണ്ടായി. നിലവില്‍ കര്‍ണാടകയിലെ മാണ്ഡ്യ രൂപതാ ബിഷപ്പാണ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട്. 
എറണാകുളം ജില്ലയിലെ ആരക്കുഴയില്‍ ഞെരളക്കാട്ട് വര്‍ക്കിയുടെയും തൊടുപുഴ കലയന്താനി മുട്ടത്തില്‍ പുത്തന്‍പുരയ്ക്കല്‍ മേരിയുടെയും മകനാണ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട്. പ്രാഥമിക വിദ്യാഭ്യാസം ആരക്കുഴയിലായിരുന്നെങ്കിലും പിന്നീട് 1960 ല്‍ കുടുംബമായി വയനാട്ടിലെ നടവയലിലേയ്ക്ക് താമസം മാറ്റുകയായിരുന്നു. അവിടെ ഹൈസ്‌ക്കുള്‍ വിദ്യാഭ്യാസത്തിനു ശേഷം ആലുവ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്ന് 1971 ല്‍ തലശേരി രൂപതാംഗമായി പൌരോഹിത്യം സ്വീകരിച്ച മാര്‍ ഞെരളക്കാട്ട് 1973 ല്‍ മാനന്തവാടി രൂപത നിലവില്‍ വന്നപ്പോള്‍ അവിടേയ്ക്ക് മാറുകയായിരുന്നു. മാനന്തവാടി രൂപതയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് മാര്‍ ജോര്‍ജ് ഞെരളക്കാട്ട്. കൂടാതെ ഭദ്രാവതി രൂപതയുടെ വികാരി ജനറലായും പ്രവര്‍ത്തിച്ചിരുന്നു. 2010 ഏപ്രില്‍ 7 നാണ് മാണ്ഡ്യ ബിഷപ്പായി ചുമതലയേറ്റത്. റോമിലെ പൊന്തിഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട്. 
പുതിയ തലശേരി ആര്‍ച്ച് ബിഷപ്പായി നിയമിതനായ മാര്‍ ജോര്‍ജ് ഞെരളക്കാട്ടിനെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സീറോ മലബാര്‍ സിനഡില്‍ പങ്കെടുക്കുന്ന മറ്റ് ബിഷപ്പുമാരും അഭിനന്ദിച്ചു. മാര്‍ ജോര്‍ജ് ഞെരളക്കാട്ട് തലശേരി ആര്‍ച്ച് ബിഷപ്പായി സ്ഥാനമേല്‍ക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും.

Scroll To Top