Wednesday December 07, 2016
Latest Updates

മാര്‍പാപ്പ ഇറാഖിലേയ്ക്ക് ? ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് പോപ്പ്  ഫ്രാന്‍സിസ് 

മാര്‍പാപ്പ ഇറാഖിലേയ്ക്ക് ? ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് പോപ്പ്  ഫ്രാന്‍സിസ് 

വത്തിക്കാന്‍ സിറ്റി: ഇറാഖില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നതിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന് മാര്‍പാപ്പ. ഇറാഖിലെ ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സഭയും ഇടപെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. ഏതെങ്കിലും ഒന്നോ രണ്ടോ രാജ്യങ്ങളുടെ ഇടപെടല്‍ കൊണ്ട് മാത്രം ഇറാഖിലെ ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഇതിനായി എല്ലാ ലോകരാജ്യങ്ങളും കൈകോര്‍ക്കണം. 

സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ വടക്കന്‍ ഇറാഖിലേക്ക് പോകാനും ആലോചിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉപദേശകര്‍ ഉള്‍പ്പെടെയുള്ള ഒരു സംഘമാകും ഇറാഖിലേക്ക് പോകുക. ഇറാഖില്‍ പീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാകും പോപ്പിന്റെ സന്ദര്‍ശനം. പോപ്പിന്റെ സന്ദര്‍ശനം സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ഇറാഖിലെ അമേരിക്കന്‍ സൈനിക നടപടിയെ അംഗീകരിക്കുന്നതായും പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു. ഇറാഖിലെ അമേരിക്കന്‍ സൈനിക നടപടിയെ സംബന്ധിച്ച ഒരു ചോദ്യത്തിനു മറുപടി നല്‍കവെയാണ് പോപ്പ് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹകരണം അഭ്യര്‍ത്ഥിച്ചത്. 

ഇറാഖില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതിനു ശേഷം 2000 വര്‍ഷങ്ങളായി ക്രിസ്ത്യാനികള്‍ അധിവസിച്ചിരുന്ന പല മേഖലകളില്‍ നിന്നും ക്രിസ്ത്യാനികള്‍ പലായനം ചെയ്യേണ്ടി വന്നു. ഒന്നുകില്‍ ഇസ്ലാമിലേക്ക് മതം മാറുക അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക എന്നാ തീവ്രവാദി ഭീഷണി ഭയന്നാണ് ക്രിസ്ത്യാനികള്‍ പലായനം ചെയ്തത്. വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്നാണു ക്രിസ്ത്യാനികള്‍ക്ക് ജനിച്ച മണ്ണ് വിട്ട് പലായനം ചെയ്യേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് വത്തിക്കാന്‍ ഇറാഖ് വിഷയത്തില്‍ സജീവമായി ഇടപെടാന്‍ തീരുമാനിച്ചത്. 

Scroll To Top