Sunday December 04, 2016
Latest Updates

മാര്‍പാപ്പയ്ക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ വധഭീഷണി; വിദേശ സന്ദര്‍ശനത്തിനിടെ ആക്രമണ സാധ്യതയെന്ന് വത്തിക്കാന്‍ നയതന്ത്ര പ്രതിനിധി

മാര്‍പാപ്പയ്ക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ വധഭീഷണി; വിദേശ സന്ദര്‍ശനത്തിനിടെ ആക്രമണ സാധ്യതയെന്ന് വത്തിക്കാന്‍ നയതന്ത്ര പ്രതിനിധി

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇസ്ലാമിക ഭീകരരുടെ വധഭീഷണി. ഇറാഖിലെ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഐസില്‍ ഭീകരരില്‍ നിന്നാണ് മാര്‍പാപ്പയ്ക്ക് വധഭീഷണി ഉയര്‍ന്നിരിക്കുന്നത്. വരുന്ന ഞായറാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ അല്‍ബേനിയ സന്ദര്‍ശിക്കാനിരിക്കുകയാണ്. സ്ഥാനമേറ്റ ശേഷം ഇത് ആദ്യമായാണ് പോപ്പ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തുന്നത്.

ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് പോപ്പ് അല്‍ബേനിയയില്‍ എത്തുന്നത്. പോപ്പിന്റെ അല്‍ബേനിയന്‍ സന്ദര്‍ശന വേളയില്‍ ഇസ്ലാം ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള അമേരിക്കയുടെ നീക്കങ്ങള്‍ക്ക് പോപ്പ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇറാഖില്‍ അമേരിക്ക നടത്തുന്ന വ്യോമാക്രമണത്തെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതാണ് പോപ്പിന് നേരെ വധഭീഷണി മുഴക്കാന്‍ കാരണം.

ഫ്രാന്‍സിസ് മാര്‍പാപ്പ നവംബറില്‍ തുര്‍ക്കിയിലും സന്ദര്‍ശനം നടത്തുന്നുണ്ട്. തുര്‍ക്കി സന്ദര്‍ശനത്തിനിടയിലും പോപ്പിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് വത്തിക്കാന്‍ നയതന്ത്ര പ്രതിനിധി അറിയിച്ചു. അല്‍ബേനിയയില്‍ വച്ചും തുര്‍ക്കിയില്‍ വച്ചും പോപ്പിനെതിരെ ആക്രമണ സാധ്യതതള്ളിക്കളയാനാകില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അമേരിക്കന്‍ അനുകൂല നിലപാടില്‍ പ്രകോപിതരായ ഭീകരര്‍ സെന്റ് പീറ്റേഴ്‌സ് ബാസിളിക്കയിലും ജിഹാദികളുടെ കൊടി ഉയര്‍ത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്.

മാര്‍പാപ്പയ്‌ക്കെതിരായ വധ ഭീഷണി സംബന്ധിച്ച് വിശ്വസനീയമായ വിവരങ്ങളാണ് ലഭിച്ചതെന്നു നയതന്ത്ര പ്രതിനിധി ഒരു ഇറ്റാലിയന്‍ ദിനപത്രത്തിനോട് വെളിപ്പെടുത്തി. ഒന്നുകില്‍ മാര്‍പാപ്പയുടെ വിദേശ സന്ദര്‍ശന വേളയില്‍ അല്ലെങ്കില്‍ റോമില്‍ വച്ച് തന്നെ ആക്രമണം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നും നിരവധി പേര്‍ ഇസ്ലാമിക ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ സംഘത്തില്‍ ഇറ്റാലിയന്‍ പൌരന്മാര്‍ പോലുമുണ്ട്. ഇവരെ ചാവേറുകളായി അയച്ച് ആക്രമണം നടത്താനാണ് ഭീകരര്‍ ആലോചിക്കുന്നത്.

Scroll To Top