Friday December 09, 2016
Latest Updates

മാതാപിതാക്കള്‍ ഉപേക്ഷിച്ച ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച കുഞ്ഞിനു സുമനസുകളുടെ സഹായം

മാതാപിതാക്കള്‍ ഉപേക്ഷിച്ച ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച കുഞ്ഞിനു സുമനസുകളുടെ സഹായം

ബാങ്കോങ്: മാതാപിതാക്കള്‍ ഉപേക്ഷിച്ച ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച കുഞ്ഞിനു സുമനസുകളുടെ സഹായം. തായ്‌ലണ്ടിലെ ഒരു യുവതിയുടെ വാടക ഗര്‍ഭപാത്രത്തില്‍ പിറന്ന ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച ആണ്‍കുഞ്ഞിനെ ഓസ്‌ട്രേലിയക്കാരായ മാതാപിതാക്കള്‍ ഉപേക്ഷിച്ച് പോകുകയായിരുന്നു. ദമ്പതികളുടെ ഇരട്ട കുട്ടികളില്‍ ഒരാള്‍ക്കാണ് ഡൌണ്‍ സിന്‍ഡ്രോം ബാധിച്ചത്. സംഭവം ലോകമാധ്യമങ്ങളില്‍ വാര്‍ത്ത ആയതോടെയാണ് കുട്ടിയെ സഹായിക്കാന്‍ സുമനസുകള്‍ രംഗത്ത് വന്നത്.

കുട്ടിയെ സഹായിക്കാന്‍ ഇതുവരെ 125,000 യൂറോ സമാഹരിച്ചു. ബാങ്കോങിന്റെ തെക്ക് കിഴക്കന്‍ മേഖലയിലെ ചോന്‍ബുരി പ്രവിശ്യയില്‍ നിന്നുള്ള പട്ടാരമണ്‍ ചനുബ എന്ന യുവതിയാണ് ഓസ്‌ട്രേലിയന്‍ ദമ്പതികളുടെ കുഞ്ഞിനു ജന്മം നല്‍കിയത്.എന്നാല്‍ മാതാപിതാക്കള്‍ ദയാരഹിതമായി കുഞ്ഞിനെ ഉപേക്ഷിച്ച് പോയതോടെ കുഞ്ഞിന്റെ ഉത്തരവാദിത്വം വാടക ഗര്‍ഭപാത്രം നല്‍കിയ യുവതിയുടെ ചുമലിലായി.സാമ്പത്തിക പരാധീനതകള്‍ മൂലം വാടക ഗര്‍ഭപാത്രം നല്‍കിയ യുവതിയെ സഹായിക്കുന്നതിനാണ് സുമനസുകള്‍ രംഗത്ത് വന്നത്.

യുവതിയുടെ സാമ്പത്തിക പരാധീനത തിരിച്ചറിഞ്ഞ ഗോ ഫണ്ട്മീ എന്ന സന്നദ്ധസംഘടനയാണ് കുട്ടിക്ക് വേണ്ടി പണം സമാഹരിച്ച് നല്‍കുന്നത്. ഡൌണ്‍ സിന്‍ ഡ്രോമിന് പുറമേ ഹൃദയത്തിനും തകരാറുള്ള കുട്ടി ഇപ്പോള്‍ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് തായ്‌ലണ്ടിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഓസ്‌ട്രേലിയയില്‍ നിന്നും കുട്ടിക്ക് സഹായം ലഭിക്കുന്നുണ്ട്.അസുഖ ബാധിതനായകുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കളുടെ നടപടി അത്യന്തം ദുഖകരമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോറ്റ് പറഞ്ഞു.

Scroll To Top