Saturday December 03, 2016
Latest Updates

‘മാണി വന്ദ്യവയോധികന്‍, ഇനി വേണ്ടത് വിശ്രമം’- പന്തളം സുധാകരന്‍

‘മാണി വന്ദ്യവയോധികന്‍, ഇനി വേണ്ടത് വിശ്രമം’- പന്തളം സുധാകരന്‍

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണിക്ക് ഇനി വേണ്ടത് വിശ്രമമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി വക്താവുമായ പന്തളം സുധാകരന്‍. കേരള രാഷ്ട്രീയത്തിലെ വന്ദ്യവയോധികനാണ് മാണിയെന്നും, അദ്ദേഹത്തിന് ഇനി വേണ്ടത് വിശ്രമമാണെന്നും സൂധാകരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ – ആദണീയനായ ധനമന്ത്രി കെ.എം.മാണിക്ക് ഇനി വേണ്ടത് അല്‍പം വിശ്രമമാണ്. കഴിഞ്ഞ ആറുമാസമായി ആരോപണങ്ങളുടേയും രാഷ്ട്രീയമായ ആക്രമണങ്ങളുടേയും പത്മവ്യൂഹത്തിലായിരുന്നു മാണി. എന്നാല്‍ അതെല്ലാം ഭേദിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ ചെറുത്തുനില്‍പ്പിനേയും അക്രമങ്ങളേയും അതിജീവിച്ച് ധീരമായി ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. അങ്ങനെ യു.ഡി.എഫിനു മുന്നില്‍ വിജയശ്രീലാളിതനായി നില്‍ക്കുകയാണ് മാണി. എന്നാല്‍ കേരള രാഷ്ട്രീയത്തിലെ വന്ദ്യവയോധികനാണ് അദ്ദേഹം. ശാരീരികമായും മാനസികമായും അദ്ദേഹത്തിന് ഇക്കഴിഞ്ഞ നാളുകളിലേറ്റ ആക്രമണത്തിനു കണക്കില്ല. ഉജ്ജ്വലമായ ഒരു തിരിച്ചു വരവിനുള്ള ഊര്‍ജം ആവാഹിക്കാനായി അദ്ദേഹത്തോട് കുറച്ചുനാളത്തേയ്ക്ക് വിശ്രമിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കണം.

അതിനിടയില്‍ ആരോപണങ്ങളുടെ പാപക്കറ കഴുകിക്കളയാനും ധനമന്ത്രിക്കു തീര്‍ച്ചയായും സാധിക്കും. ചികിത്സയ്ക്കായും അദ്ദേഹത്തിന് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. കേരള രാഷ്ട്രീയത്തിലെ സംഘര്‍ഷാന്തരീക്ഷത്തിനും ആ വിശ്രമം അയവു വരുത്തും. ധനമന്ത്രിയുടെ ചുമതല തല്‍ക്കാലം മുഖ്യമന്ത്രിക്കു തന്നെ വഹിക്കാവുന്നതേയുള്ളൂ. യു.ഡി.എഫ് ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനം എടുക്കണം.

ബജറ്റ് അവതരണത്തിന് മുന്‍പായി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാവായ അജയ് തറയിലും എതിര്‍ത്തിരുന്നു. വാര്‍ത്താ ചാനലുകളിലൂടെയായിരുന്നു അജയ് തറയിലിന്റെ വിമര്‍ശനം വന്നത്. എന്നാല്‍ കെപിസിസി പിന്നീട് ഇടപെട്ട് അജയ് തറയിലിനെ ശാന്തനാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കെ.എം. മാണിക്കെതിരെ കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി ശക്തമായ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ത്തിയത്. ബാര്‍ കോഴ കേസില്‍ കെ.എം. മാണി കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് ഇന്നാട്ടിലെ കൊച്ചു കുട്ടിക്ക് പോലും ബോധ്യപ്പെട്ടിട്ടുള്ളതാണെന്ന് കല്ലാനി നേതൃയോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള മാണിയുടെ പ്രതികരണം, തന്നെ താഴെയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കല്ലാനിയുടെ വിമര്‍ശനം എന്നായിരുന്നു. കോട്ടയം ജില്ലയില്‍ കെ.എം. മാണിക്കും ജോസ് കെ മാണിക്കുമുള്ള മേല്‍ക്കൊയ്മയെ കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ നേരത്തെ മുതല്‍ ചോദ്യം ചെയ്യുന്ന ഒന്നാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജോസ് കെ മാണിക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ പോലും കോട്ടയത്തുനിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സഹകരിച്ചിരുന്നില്ല.

മാണി ബജറ്റ് അവതരിപ്പിച്ചതില്‍ ഉള്‍പ്പെടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അമര്‍ഷമുണ്ടെന്ന കാര്യം വ്യക്തമാണെങ്കിലും ഇതാദ്യമായാണ് ഒരാള്‍ തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുന്നത്.

Scroll To Top