Sunday December 11, 2016
Latest Updates

മാണിയേയും എളമരം കരീമിനേയും രക്ഷിക്കാന്‍ ഇരു മുന്നണികളും ഒത്തുകളിക്കുന്നുവെന്ന് ബീ.ജെ പി

മാണിയേയും എളമരം കരീമിനേയും രക്ഷിക്കാന്‍ ഇരു മുന്നണികളും ഒത്തുകളിക്കുന്നുവെന്ന് ബീ.ജെ പി

കോഴിക്കോട്: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ പ്രതിചേര്‍ക്കാന്‍ തെളിവുകളില്ലെന്ന നിയമോപദേശവും ചക്കിട്ടപ്പാറ ഖനനക്കേസില്‍ തെളിവുകളുണ്ടായിട്ടും എളമരം കരീമിനെ പ്രതിചേര്‍ക്കാത്തതും ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. 
കെ.എം. മാണിക്ക് അനുകൂലമായി ബാര്‍ കോഴക്കേസില്‍ നിയമോപദേശം നല്‍കിയ വി.വി. അഗസ്റ്റിന്റെ രാഷ്ട്രീയ പശ്ചാത്തലം പരസ്യമാണ്. കഴിഞ്ഞ എല്‍ഡിഫ് സര്‍ക്കാരാണ് ഇദ്ദേഹത്തെ നിയോഗിച്ചത്. ബാര്‍ കോഴക്കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ ഒത്തുതീര്‍പ്പിനു മുതിരുകയാണെങ്കില്‍ ബിജെപി നിയമപരമായി നേരിടുമെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചക്കിട്ടപ്പാറ ഖനന അഴിമതിയുമായി ബന്ധപ്പെട്ട് എളമരം കരീമിനെതിരേ തെളിവുണ്ടായിട്ടും കേസെടുക്കുന്നില്ല. കരീമിനു വേണ്ടി അഞ്ച് ലക്ഷം രൂപ കോഴിക്കോട്ടേക്ക് കൊണ്ടുവന്നുവെന്ന വെളിപ്പെടുത്തലുമുണ്ടായി. കരീം നേരിട്ട് ഇടപെട്ടുവെന്നതിന് തെളിവുകളുണ്ടെന്ന് പരാതിക്കാര്‍ ഉന്നയിച്ചിട്ടും കേസെടുക്കാന്‍ തയാറാകുന്നില്ല. 
ഇരുമുന്നണികളും തുടര്‍ന്നുവരുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിത്. കെ.എം. മാണിക്കെതിരേ ഡിവൈഎഫ്‌ഐക്കാരെക്കൊണ്ട് കരിങ്കൊടി കാണിക്കുകയും മറുവശത്ത് കേസ് ഒത്തുതീര്‍ക്കുകയുമാണ്. സലിം രാജിനെപ്പോലെയുള്ള ഒരു സാധാരണ പൊലീസുകാരനു നടത്താന്‍ കഴിയാത്ത തട്ടിപ്പാണ് കളമശേരി ഭൂമി തട്ടിപ്പ്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള സലിംരാജ് നടത്തിയ അഴിമതി മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് നടിക്കുകയാണെന്നും മുരളീധരന്‍.
സോളാര്‍, മലബാര്‍ സിമന്റ്‌സ് കേസിലും സമാനമായ ഒത്തുതീര്‍പ്പാണ് ഇരു മുന്നണികളും സ്വീകരിച്ചത്. സോളാര്‍ കേസും ബാര്‍ കോഴ കേസും സിബിഐക്കു വിട്ടാല്‍ നിഷ്പക്ഷ അന്വേഷണം നടത്തും. രണ്ടു കേസുകളിലെയും യഥാര്‍ഥ കുറ്റക്കാരെ സിബിഐ അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top