Saturday December 03, 2016
Latest Updates

മാണിയുടെ ബജറ്റ് ; സമരക്കാരെ മറികടക്കാന്‍ കുറുക്കുവഴി തേടി പൊലീസ്

മാണിയുടെ ബജറ്റ് ; സമരക്കാരെ മറികടക്കാന്‍ കുറുക്കുവഴി തേടി പൊലീസ്

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണി നാളെ നിയമസഭയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ സമര കാഹളം മുഴക്കി എല്‍ഡിഎഫ്. ബാര്‍ കോഴ കേസില്‍ കോടികളുടെ അഴിമതി നേരിടുന്ന കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷ വെല്ലുവിളി സര്‍ക്കാരും മാണിയും മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ടു നീങ്ങുമ്പോള്‍ നിയമസഭയുടെ എല്ലാ ഗേറ്റുകളും ഉപരോധിച്ച് മാണിയെ സഭയില്‍ കയറാന്‍ അനുവദിക്കില്ലെന്നാണ് എല്‍ഡിഎഫ് നിലപാട്.

മുന്‍പ് സെക്രട്ടേറിയേറ്റ് വളയല്‍ സമരം നടത്തിയിരുന്നത് പോലെ നിയമസഭാ വളയല്‍ നടത്താനാണ് എല്‍ഡിഎഫ് പദ്ധതി. കെ.എം. മാണി നരകത്തില്‍ പോകുമെന്നും അഴിമതിക്കാരനാണെന്നുമുള്ള ആക്ഷേപങ്ങള്‍ സഭയ്ക്കുള്ളില്‍ നടത്തിക്കൊണ്ട് കഴിഞ്ഞ ദിവസം തന്നെ സമരത്തിനുള്ള ഓളം വിഎസ് സൃഷ്ടിച്ചിട്ടുണ്ട്. കെ.എം. മാണി എല്‍ഡിഎഫിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ മുന്‍പ് തന്നെ ലഭിച്ചിരുന്നതിനാല്‍, ഇതൊഴിവാക്കുന്നതിനായി സമരം മുന്നില്‍നിന്ന് നയിക്കുന്നത് വിഎസ് തന്നെയായിരിക്കും. മുന്നണിയില്‍ ഇല്ലെങ്കില്‍ അഴിമതിക്കെതിരായ സമരത്തില്‍ പിന്നണിയിലാകില്ലെന്ന് വിഎസ് നേരത്തെ തന്നെ നയം വ്യക്തമാക്കിയതുമാണ്.

എല്‍ഡിഎഫ് മാണിയെ നിയമസഭയില്‍ കയറാന്‍ അനുവദിക്കില്ലെന്ന് തറപ്പിച്ചു പറയുമ്പോഴും യുഡിഎഫിനും മാണിക്കും കേരളാ കോണ്‍ഗ്രസിനും പ്രത്യേകിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കുലുക്കമൊന്നുമില്ല. മൂന്ന് മാര്‍ഗങ്ങളാണ് ഇവരുടെ മനസ്സിലുള്ളത്.

ഒന്ന് ഇന്ന് രാത്രി തന്നെ മാണിയെ നിയമസഭയ്ക്കുള്ളില്‍ എത്തിക്കുക. മാണിയുടെ ഓഫീസില്‍ കിടക്കയും മറ്റ് സജ്ജീകരണങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന. പൊലീസിനും ഈ നിലപാടിനോട് യോജിപ്പാണ്.

ഈ പദ്ധതിയില്‍ എന്തെങ്കിലും തടസ്സമുണ്ടായാല്‍ എംഎല്‍എ ഹോസ്റ്റലിലേക്ക് താമസം മാറ്റുക എന്നതാണ് രണ്ടാമത്തെ പ്ലാന്‍. നിയമസഭയോട് ചേര്‍ന്നാണ് എംഎല്‍എ ഹോസ്റ്റല്‍. അവിടെ നിന്നും നിയമസഭയിലേക്ക് നേരിട്ട് കയറാന്‍ ഒരു ഗെയിറ്റുണ്ട്. ഇവിടെ കയറാന്‍ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമെ സാധിക്കുകയുള്ളു എന്നൊരു നിയന്ത്രണം പൊലീസ് വരുത്തിയാല്‍ മാണിക്ക് സഭയ്ക്കുള്ളില്‍ കടക്കാം. പക്ഷെ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവി നിയമസഭയ്ക്ക് മുന്നില്‍ നടത്തിയ ഒമ്പത് മണി ചര്‍ച്ചയില്‍ വി. ശിവന്‍കുട്ടി എംഎല്‍എ ഈ ഗെയ്റ്റും തടയുന്നതിനെക്കുറിച്ച് പറയുന്നുണ്ടായിരുന്നു.

അങ്ങനെയെങ്കില്‍ അടുത്ത പദ്ധതിയുമുണ്ട് മനസ്സില്‍. ബജറ്റ് തയാറാക്കാന്‍ മാണി താമസിക്കുന്നത് മസ്‌ക്കറ്റ് ഹോട്ടലിലാണ്. ഇന്ന് രാത്രി ഇവിടെ തങ്ങി നാളെ രാവിലെ പൊലീസ് കാവലില്‍ നിയമസഭയിലേക്ക് പോകുക. നേതാജി പ്രതിമയുള്ള പിഎംജി ഭാഗത്തേക്ക് സമരക്കാരെ പ്രവേശിപ്പിക്കാതിരുന്നാല്‍ യാത്ര സുഗമമാകും.

Scroll To Top