Friday December 09, 2016
Latest Updates

മഹാത്മാഗാന്ധിയ്ക്ക് ഡബ്ലിനില്‍ ഒരു പലചരക്കു കടയുണ്ടായിരുന്നു.. !

മഹാത്മാഗാന്ധിയ്ക്ക്  ഡബ്ലിനില്‍ ഒരു പലചരക്കു കടയുണ്ടായിരുന്നു.. !

ഡബ്ലിന്‍ :മഹാത്മാഗാന്ധിയുടെ ഒരു ഉറ്റ ബന്ധു ഡബ്ലിനിലെ മൂര്‍ സ്ട്രീറ്റില്‍ ഒരു പലചരക്ക് കട നടത്തിയിരുന്നോ ?അങ്ങനെയാണ് രേഖകള്‍ പറയുന്നത്.ഗാന്ധിജി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഓരോ ഘട്ടത്തില്‍ ഇടപെടുമ്പോഴും ഡബ്ലിനിലെ ഈ കടയായിരുന്നു അക്കാലത്ത് അയര്‍ലണ്ടില്‍ ഉണ്ടായിരുന്ന ഇന്ത്യാക്കാരുടെ സംഗമ കേന്ദ്രം.ഇന്ത്യാക്കാര്‍ മാത്രമല്ല നൂറു കണക്കിന് ഐറിഷ്‌കാരും ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തിന് പിന്തുണ അറിയിച്ചു വന്നിരുന്നത് ഈ കടയില്‍ ആയിരുന്നത്രെ.ആയിടയ്ക്ക് കട അറിയപ്പെട്ടത് ഗാന്ധിയുടെ കട എന്നായിരുന്നു!

ഇന്ത്യയിലെ പോരാട്ടങ്ങളെ കുറിച്ചുള്ള ദൈനംദിന വിവരങ്ങള്‍ പോലും അക്കാലത്ത് ഇവിടെ എത്തിയിരുന്നു.ഗാന്ധിജിയുടെ ഉപവാസങ്ങള്‍,കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ ,എന്നിവയെ കുറിച്ചുള്ള വിവരങ്ങളൊക്കെ ടെലഗ്രാം മുഖേനെ ഡബ്ലിനിലെത്തിയിരുന്നു.കടയുടമയ്ക്ക് ഗാന്ധിജിയുടെ ഒരു ഉപവാസ സമരത്തെ സൂചിപ്പിച്ചു പുത്രന്‍ ദേവദാസ് ഗാന്ധി അയച്ച ഒരു ടെലഗ്രാം സന്ദേശത്തെ കുറിച്ച് ഐറിഷ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.indianstore

മൂര്‍ സ്ട്രീറ്റിലെ ഈ ഇന്ത്യന്‍ ഷോപ്പ് കേന്ദ്രീകരിച്ചാണ് നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നിരവധി സമരങ്ങളും ,ക്യാപയിനുകളും ആസൂത്രണം ചെയ്യപ്പെട്ടതും.ലോര്‍ഡ് കഴ്‌സണെ വധിച്ച കേസില്‍ പ്രതിയാക്കി കൊലക്കയറിനു വിട്ടുകൊടുത്ത ധീര ദേശാഭിമാനിയായിരുന്ന മദന്‍ലാല്‍ ദിന്‍ഗ്രയുടെ വീര ചരമത്തെ പ്രകീര്‍ത്തിച്ചും,ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് അഭിവാദ്യമര്‍പ്പിച്ചും 1933 ല്‍ ഡബ്ലിനിലെ ഒ’ക്കോണല്‍ ബ്രിഡ്ജില്‍ ഐറിഷ് വനിതകളുടെ ഒരു ധര്‍ണ്ണ നടത്തപ്പെട്ടു.ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ദിന്‍ഗ്രയുടെ അവസാന വാക്കുകള്‍ (‘I believe that a nation held down by foreign bayonets is in a perpetual state of war. Since open battle is rendered impossible to a disarmed race, I attacked by surprise. Since guns were denied to me I drew forth my pistol and fired. Poor in wealth and intellect, a son like myself has nothing else to offer to the mother but his own blood. And so I have sacrificed the same on her altar. The only lesson required in India at present is to learn how to die, and the only way to teach it is by dying ourselves. My only prayer to God is that I may be reborn of the same mother and I may redie in the same sacred cause till the cause is successful. Vande Mataram! ) എഴുതിയ പോസ്റ്ററുകള്‍ അക്കാലത്ത് ഡബ്ലിന്റെ തെരുവീഥികളില്‍ പതിപ്പിക്കപ്പെട്ടു.o conal

മഹാത്മാ ഗാന്ധി, കഴ്‌സന്‍ വധത്തെ അപലപിച്ചിരുന്നുവെങ്കിലും ഡബ്ലിനിലെ ഇന്ത്യന്‍ അനുഭാവികള്‍ അങ്ങനെയായിരുന്നില്ലെന്നു വേണം കരുതാന്‍.

ഇന്ത്യന്‍ ഉത്പന്നങ്ങളായ ചായപ്പൊടി ,കറിമസാലപ്പൊടികള്‍,അരി ,സുഗന്ധ ദ്രവ്യങ്ങള്‍ ,കളിപ്പാട്ടങ്ങള്‍ ,മധുര പലഹാരങ്ങള്‍ എന്നിവയൊക്കെ ലഭിച്ചിരുന്ന കട പിന്നീട് ഡെയിം സ്റ്റ്രീറ്റിലെയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.ഇക്കാലത്തെ പത്രങ്ങളില്‍ പരസ്യം കൊടുത്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മാത്രം സമ്പന്നമായിരുന്നു ഇന്ത്യന്‍ ഷോപ്പ് .ബ്രിട്ടീഷ് വിഭവങ്ങള്‍ ഉപേക്ഷിക്കാന്‍ ഐറിഷ് ജനത ആഹ്വാനം ചെയ്ത കാലത്ത് അത്തരം സമരങ്ങളെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ ഷോപ്പും മുന്‍പോട്ടു വന്നിരുന്നു.ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തി വരെ ഇന്ത്യന്‍ കട ഡബ്ലിനില്‍ ഉണ്ടായിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്. അയര്‍ലണ്ടില്‍ ഒരു ഇന്ത്യന്‍ എംബസി വരുന്നതിനു മുന്‍പേ ഇന്ത്യയുമായി ഐറിഷ് ജനതയ്ക്കുണ്ടായിരുന്ന പ്രധാനപ്പെട്ട ആശയ വിനിമയ കേന്ദ്രമായ ഈ ഇന്ത്യന്‍ കടയുടെ കൂടുതല്‍ ചരിത്രങ്ങള്‍ തിരയുകയാണ് ഡബ്ലിനിലെ ചരിത്രാന്വേഷകര്‍ .

Scroll To Top