Saturday December 03, 2016
Latest Updates

മസ്‌ഗ്രേവ് പണപ്പെട്ടിയുമായി വരുന്നുവെന്നത് വ്യാജവാര്‍ത്ത

മസ്‌ഗ്രേവ് പണപ്പെട്ടിയുമായി വരുന്നുവെന്നത് വ്യാജവാര്‍ത്ത

ഡബ്ലിന്‍ :അയര്‍ലണ്ടിലെ പ്രധാന റീടെയ്‌ലര്‍ ഗ്രൂപ്പായ മസ്‌ഗ്രേവ് പുതുതായി ബാങ്കിംഗ് ആരംഭിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് കമ്പനി തന്നെ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഒരു മുന്‍നിര മാധ്യമമാണ് ഐറിഷ് റീടെയ്‌ലര്‍ കമ്പനി പുതിയ ബാങ്കുമായി മുന്നോട്ടു വരുന്നുവെന്ന് വാര്‍ത്ത കൊടുത്തത്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് മസ്‌ഗ്രേവ് തങ്ങളുടെ വെബ്‌സൈറ്റിലൂടെ അറിയിക്കുകയായിരുന്നു.
സൂപ്പര്‍ വാല്യു, സൂപര്‍ ക്വിന്‍, സെന്‍ട്ര തുടങ്ങിയ കമ്പനികളുടെ ഉടമസ്ഥ സ്ഥാപനമായ മസ്‌ഗ്രേവ് 2014ഓടെ ഒരു ഐറിഷ് ബാങ്കിന് തുടക്കം കുറിക്കാന്‍ പോവുകയാണെന്നായിരുന്നു വാര്‍ത്ത വന്നത്. മറ്റു ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളുമായി യോജിച്ചാണോ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതെന്ന് കമ്പനി തീരുമാനിച്ചിട്ടില്ലെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. വിശ്വസ്തനായ സോര്‍സ് ആണ് തങ്ങള്‍ക്ക് വാര്‍ത്ത കൈമാറിയതെന്നും മാധ്യമം പറഞ്ഞു.
എന്നാല്‍ വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകം തന്നെ കമ്പനി വെബ്‌സൈറ്റില്‍ ഈ വാര്‍ത്ത തെറ്റാണെന്നു കാണിച്ചുകൊണ്ട് കമ്പനി പ്രസ്താവന ഇറക്കുകയും ചെയ്തു. തങ്ങള്‍ ഇപ്പോള്‍ ഒരു ബാങ്കിംഗിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കാനായുള്ള ശ്രമത്തിന്റെ പ്രാരംഭഘട്ടത്തിലാണ് തങ്ങളെന്നും പക്ഷേ ഈയടുത്ത കാലത്തൊന്നും തന്നെ പുതിയ ബാങ്കിംഗ് എന്ന പദ്ധതി ഉണ്ടാവില്ലെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
700ഓളം വരുന്ന സ്‌റ്റോറുകളുടെ നടത്തിപ്പുകാരാണ് മസ്‌ഗ്രേവ്. അയര്‍ലണ്ടിലെ പ്രമുഖ റീടെയ്‌ലര്‍ പുതിയ ബാങ്കുമായി ഏതായാലും പെട്ടെന്നൊന്നും രംഗത്തെത്തില്ല. ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്ന പ്രതികരണം കൂടി കണക്കിലെടുത്തുമാത്രമേ മസ്‌ഗ്രേവ് പുതിയ പദ്ധതിക്കു രൂപം നല്‍കുകയുള്ളൂവെന്നാണ് കമ്പനി പറയുന്നത്‌

Scroll To Top