Wednesday December 07, 2016
Latest Updates

മഴ ശക്തമാവുന്നു :കോര്‍ക്കിലും ,ഡബ്ലിനിലും മുന്‍കരുതലുകള്‍

മഴ ശക്തമാവുന്നു :കോര്‍ക്കിലും ,ഡബ്ലിനിലും മുന്‍കരുതലുകള്‍

ഡബ്ലിന്‍ :ഇന്ന് ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത കാണുന്നതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പു നല്‍കി. ശക്തമായ കാറ്റ് തിരമാലകളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിലൂടെ തീരപ്രദേശങ്ങള്‍ പ്രതിസന്ധിഘട്ടത്തിലേക്ക് എത്തിച്ചേരുമെന്നാണ് മുന്നറിയിപ്പുകള്‍ സൂചിപ്പിക്കുന്നത്.
തീരപ്രദേശങ്ങളിലുള്ള ലോക്കല്‍ അതോറിറ്റികളും മോശം കാലാവസ്ഥയെക്കുറിച്ചും വെള്ളപ്പൊക്കത്തിന്റെ അപകടസാധ്യതയെക്കുറിച്ചും ജനങ്ങളെ ബോധവാന്‍മാരാക്കിയിട്ടുണ്ട്. പ്രദേശങ്ങളും വീടുകളും സുരക്ഷിതമാക്കിവയ്ക്കാനുള്ള മുന്‍കരുതലുകളും എടുത്തിരിക്കുകയാണ് തീരദേശവാസികള്‍. തീര പ്രദേശങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടായിരിക്കണമെന്നും പ്രദേശവാസികള്‍ക്ക് അതോറിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോര്‍ക്ക് സിറ്റിയിലും ഡബ്ലിനിലെ ചില പ്രദേശങ്ങളിലും വെള്ളപ്പൊക്കം മോശമായ രീതിയില്‍ ബാധിക്കാനുള്ള സാധ്യതയും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നുണ്ട്.
ശക്തമായ കാറ്റും മഴയും ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന്റെ സാധ്യത വര്‍ദ്ധിപ്പിച്ചതായും അടുത്ത ദിവസങ്ങളില്‍ കനത്ത മഴ തന്നെ പ്രതീക്ഷിക്കാമെന്നും മെറ്റ് എറാന്‍ അറിയിക്കുന്നു.

ശക്തമായ കാറ്റും മഴയും തിരമാലകള്‍ക്ക് ശക്തി വര്‍ദ്ധിപ്പിക്കുന്നതിലൂടെ തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും കാണുന്നതായി മെറ്റ് എറാന്‍ വക്താവ് അറിയിച്ചു. അടുത്ത ആഴ്ച്ചയുടെ തുടക്കത്തിലും ഇതേ കാലാവസ്ഥ തന്നെ തുടരുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

കോര്‍ക്ക് സിറ്റി സെന്ററിലെ വ്യാപാരികളും ഇതേത്തുടര്‍ന്ന് ആശങ്കയിലായിരിക്കുകയാണ്. പുതുവര്‍ഷത്തോടനുബന്ധിച്ച് രാജ്യത്ത് പല ഭാഗങ്ങളിലുമുണ്ടായ വെള്ളപ്പൊക്കത്തിന്റെയും ശക്തമായ കാറ്റിന്റെയും തുടര്‍ച്ചയാണോ ഇതെന്നുപോലും സംശയിക്കുന്നവരുമുണ്ട്.
തെക്കന്‍ കാറ്റിന്റെ കടന്നുവരവും ശക്തമായ മഴയും കാലാവസ്ഥ കൂടുതല്‍ രൂക്ഷമാക്കിയേക്കാമെന്നും സിറ്റി കൗണ്‍സില്‍ മുന്നറിയിപ്പു നല്‍കുന്നു.

യൂനിയന്‍ ക്വേ, മോറിസണ്‍സ് ക്വേ, ഫ്രഞ്ച് ക്വേ, ലേവിറ്റ്‌സ് ക്വേ, സൗത്ത് ടെറേസ് റൂത്ത്‌ലാന്‍ഡ് സ്ട്രീറ്റ്, ലാപ്‌സ് ക്വേ തുടങ്ങിയ പ്രദേശങ്ങളിലാണ് അപകട സാധ്യത കൂടുതലുള്ളതായി പറഞ്ഞിരിക്കുന്നത്.
സൗത്ത് മാള്‍, ഒലിവര്‍ പ്ലങ്കറ്റ് സ്ട്രീറ്റ്, പ്രിന്‍സസ് സ്ട്രീറ്റ്, ജോര്‍ജ്‌സ് ക്വേ എന്നീ പ്രദേശങ്ങളിലും അപകടസാധ്യത കൂടുതലാണെന്നാണ് അറിയിച്ചിരിക്കുന്നത്.
ഡബ്ലിന്‍ തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തെ നിയന്ത്രിക്കാനുള്ള ചില മുന്‍കരുതലുകള്‍ കൗണ്‍സില്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഇറക്കിയ ഒരു ടണ്ണോളം വരുന്ന പൂഴിച്ചാക്കുകള്‍ ക്ലോണ്ടാര്‍ഫില്‍ അതേപോലെ തന്നെ നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ മുന്‍കരുതലുകളും ഡബ്ലിന്‍ മേഖലയില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്.

Scroll To Top