Monday December 05, 2016
Latest Updates

മലേഷ്യന്‍ വിമാന ദുരന്തം: റഷ്യക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

മലേഷ്യന്‍ വിമാന ദുരന്തം: റഷ്യക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

ന്യുയോര്‍ക്ക്: ഉക്രൈന്‍ വ്യോമാതിര്‍ത്തിയില്‍ മലേഷ്യന്‍ വിമാനം വെടിവച്ചിട്ട സംഭവത്തില്‍ റഷ്യക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. വിമാനം വെടിവച്ചിട്ട സംഭവത്തില്‍ റഷ്യയുടെ പങ്ക് കൂടുതല്‍ വ്യക്തമായിരിക്കെ സംഭവത്തില്‍ ഉത്തരവാദികളായ റഷ്യന്‍ അനുകൂല വിമതര്‍ക്ക് റഷ്യ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു. 

ആയുധങ്ങളുമായി റോക്കറ്റ് ലോഞ്ചര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ 150 ഓളം വാഹനങ്ങള്‍ റഷ്യയില്‍ നിന്ന് ഉക്രൈന്‍ അതിര്‍ത്തി കടന്നതായി വിവരം ലഭിച്ചതായി ജോണ്‍ കെറി പറഞ്ഞു. എസ്എ 11 മിസൈല്‍ കൊണ്ടുള്ള ആക്രമണത്തിലാണ് മലേഷ്യന്‍ വിമാനം തകര്‍ന്ന് വീണത്. ഈ മിസൈലുകളും ആയുധങ്ങളും റഷ്യ തന്നെയാണ് വിമതര്‍ക്ക് എത്തിച്ച് കൊടുക്കുന്നതെന്ന് ജോണ്‍ കെറി പറഞ്ഞു. സംഭവത്തില്‍ റഷ്യയുടെ പങ്ക് കൂടുതല്‍ വ്യക്തമായിരിക്കെയാണ് അമേരിക്ക റഷ്യക്കെതിരായ നിലപാട് കടുപ്പിച്ചത്. സംഭവത്തില്‍ റഷ്യക്കെതിരെ ലോകരാജ്യങ്ങളുടെ പ്രതിധേശം ശക്തമായിരിക്കുകയാണ്. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോകുകയായിരുന്ന മലേഷ്യന്‍ വിമാനം ഉക്രൈന്‍ വ്യോമാതിര്‍ത്തിയില്‍ വച്ച് തകര്‍ന്ന് വീണത്. ഉക്രൈന്‍ വിമാനമെന്ന് കരുതി റഷ്യന്‍ അനുകൂല വിമതര്‍ വിമാനം ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ 298 നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതേസമയം ഉക്രൈന്‍ വ്യോമാതിര്‍ത്തിയില്‍ ഉണ്ടായ സംഭവത്തിന്റെ ഉത്തരവാദിത്വം ഉക്രൈന്‍ ഏറ്റെടുക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ആവശ്യപ്പെട്ടു.

Scroll To Top