Friday December 09, 2016
Latest Updates

മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടത് റഷ്യ ?യൂറോപ്പും അമേരിക്കയും റഷ്യക്കെതിരെ 

മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടത് റഷ്യ ?യൂറോപ്പും അമേരിക്കയും റഷ്യക്കെതിരെ 

ക്വാലാലംപുര്‍: മലേഷ്യന്‍ യാത്രാവിമാനം എംഎച്ച്17 റഷ്യന്‍ സൈന്യം മിസൈല്‍ ഉപയോഗിച്ചു തകര്‍ത്തതാണെന്നും റഷ്യയുടെ സഹായത്തോടെ വിമതര്‍ തെളിവുകള്‍ നശിപ്പിക്കുകയാണെന്നും യുക്രെയ്ന്‍ ആരോപിച്ചു. ഡോണെട്ക്‌സിലെ മോര്‍ച്ചറിയിലേക്ക് 38 മൃതദേഹങ്ങള്‍ വിമതര്‍ മാറ്റിയിട്ടുണ്ടെന്നും വിമാനാവശിഷ്ടം റഷ്യയിലേക്കു കടത്താന്‍ ശ്രമം നടക്കുന്നതായും യുക്രെയ്ന്‍ പ്രസ്താവനയില്‍ അറിയിച്ചു. 

ഇതിനിടെ, 298 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തക്കുറിച്ച് അന്വേഷിക്കാന്‍ മലേഷ്യന്‍ വിദഗ്ധസംഘം കീവിലെത്തി. വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിക്കാതെ തങ്ങളുടെ മേല്‍ അമേരിക്കയും പാശ്ചാത്യരും കുറ്റമാരോപിക്കുന്നതു ശരിയല്ലെന്നു റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സെര്‍ജി റയബ്‌കോവ് പറഞ്ഞു. ആംസ്റ്റര്‍ഡാമില്‍നിന്ന് ക്വാലാലംപുരിലേക്കു പുറപ്പെട്ട വിമാനം കീവില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ ഡോണെട്ക്‌സിനു സമീപം ലുഹാന്‍സ്‌ക് ഷഖ്താര്‍കസ് മേഖലയിലാണ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു വീണത്.

റഷ്യയാണു വിമാനം വെടിവച്ചിട്ടതെന്നും അന്താരാഷ്ട്ര കുറ്റത്തിന്റെ തെളിവുകള്‍ വിമതര്‍ നശിപ്പിക്കുകയാണെന്നും യുക്രെയ്ന്‍ ഇന്റലിജന്‍സ് മേധാവി വിതാലി നാഡ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബക് മിസൈല്‍ ഉപയോഗിച്ച് വിമാനംവെടിവച്ചിട്ടിതു റഷ്യന്‍ സൈനികരാണ്. ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ റഷ്യ തയാറാകണമെന്നും നാഡ പറഞ്ഞു.

ഇതിനിടെ, വിമാനാപകടത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ധാരണയായി. യുഎന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ കീഴിലായിരിക്കും അന്വേഷണം.റഷ്യയെ ലോകം വീക്ഷിക്കുന്നുണ്ടെന്നു അവര്‍ ഓര്‍ക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു 

Scroll To Top