Wednesday December 07, 2016
Latest Updates

മലേഷ്യന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ എയര്‍ക്രാഫ്റ്റ് ട്രാക്കിംഗ് നിയമം കര്‍ശനമാക്കുന്നു

മലേഷ്യന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ എയര്‍ക്രാഫ്റ്റ് ട്രാക്കിംഗ് നിയമം കര്‍ശനമാക്കുന്നു

ന്യൂഡല്‍ഹി മലേഷ്യന്‍ വിമാനം യാത്രാമധ്യേ കാണാതായതിന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങളുടെ ട്രാക്കിംഗ് നിയമത്തില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തീരുമാനിച്ചു. ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചതാണ് ഇക്കാര്യം. ഇനി മുതല്‍ വിമാനങ്ങള്‍ യാത്രയിലുടനീളം റിയല്‍ ടൈം ട്രാക്കിംഗിനുള്ള നിയമഭേദഗതിയാണ് വരുന്നത്. യാത്ര വിമാനങ്ങള്‍ക്കും ചരക്ക് വിമാനങ്ങള്‍ക്കും ഒരുപോലെ ഈ നിയമം ബാധകമായിരിക്കും.

വിമാനത്തില്‍ നിന്ന് ഗ്രൗണ്ട് സ്‌റ്റേഷനുകളിലേക്കും തിരിച്ചും അയയ്ക്കുന്ന ഡിജിറ്റല്‍  സന്ദേശങ്ങള്‍ സ്വീകരിക്കുന്നതിനുള്ള എയര്‍ക്രാഫ്റ്റ് കമ്മ്യൂണിക്കേഷന്‍സ് അഡ്രസിംഗ് ആന്‍ഡ് റിപ്പോര്‍ട്ടിംഗ് സിസ്റ്റം എല്ലാ വിമാനങ്ങളിലും ഉപയോഗിക്കാന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്. യാത്രാമധ്യേ ഓരോ സെക്കന്‍ഡും വിമാനം ട്രാക്ക് ചെയ്യുന്നതിന് ഓട്ടോമറ്റിക് ഡിപ്പന്‍ഡെന്റ് സര്‍വെയ്‌ലന്‍സ് ബ്രോഡ്കാസ്റ്റ്  സംവിധാനവും വിമാനങ്ങളില്‍ നിര്ബന്ധിതമാക്കാന്‍ ഏവിയേഷന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്കി.

ഇന്ത്യയ്ക്ക് പുറമേ യൂറോപ്യന്‍ രാജ്യങ്ങളിലും വിമാന സുരക്ഷ ശക്തമാക്കാന്‍ നടപടി തുടങ്ങി. യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി യുടെ നിര്‍ദ്ദേശ പ്രകാരമാണ് സുരക്ഷ നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. 2009ല്‍ ഒരു ഫ്രഞ്ച് വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്ന് കര്‍ശന സുരക്ഷ നിര്‍ദ്ദേശങ്ങള്‍ നല്കിയിരുന്നെങ്കിലും മലേഷ്യന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്. തകര്‍ന്ന് വീഴുന്ന വിമാനങ്ങളുടെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കുന്നതിനുള്ള നടപടികളും അധികൃതര്‍ ആരംഭിച്ചു.

Scroll To Top