Sunday December 11, 2016
Latest Updates

മലയാള സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

മലയാള സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ ഒന്‍പത് മണി മുതല്‍ 12 മണിവരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഖബറടക്കം വൈകീട്ട് അഞ്ച് മണിക്ക് കണ്ടോത്ത്കുനി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.
കോഴിക്കോട് ജില്ലയിലെ കക്കട്ടില്‍ സ്വദേശിയായ ഇദ്ദേഹം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തേ എഴുത്താരംഭിച്ച അക്ബര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെയാണ് ശ്രദ്ധേയനായത്.
ആധുനികതയുടെ പ്രഭാവകാലത്ത് അതിന്റെ സ്വാധീനത്തില്‍ നിന്നകന്ന്, വേറിട്ട വഴി തുറന്ന എഴുത്തുകാരുടെ മുന്‍നിരയിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. മരണത്തേക്കാള്‍ ഭീകരമാണ് രോഗങ്ങള്‍ എന്ന ആശയം ആവിഷ്‌കരിക്കുന്ന ‘മൃത്യുയോഗം’ എന്ന നോവലിന് എസ് കെ പൊറ്റെക്കാട്ട് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ ഒരു ഉപാഖ്യാനത്തെ അവലംബിച്ച് ഇന്ത്യന്‍ ഭാഷകളില്‍ ആദ്യം എഴുതപ്പെടുന്നതാണ് ‘സ്‌ത്രൈണം’ എന്ന നോവല്‍. അങ്കണം സാഹിത്യ അവാര്‍ഡ്, സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ അവാര്‍ഡ്, രാജീവ് ഗാന്ധി പീസ് ഫൌണ്ടേഷന്‍ അവാര്‍ഡ്, ടി വി കൊച്ചുബാവ അവാര്‍ഡ് എന്നിവയും കിട്ടിയ പ്രധാന അംഗീകാരങ്ങളില്‍ ചിലതാണ്. 4 നോവലുകളും 27 ചെറുകഥാ സമാഹാരങ്ങളുമടക്കം ഇദ്ദേഹത്തിന്റെ 54 പുസ്തകങ്ങളാണ് ഇതു വരെ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Scroll To Top