Saturday December 03, 2016
Latest Updates

മറ്റുള്ളവരെ കൂടി മരണത്തിലേക്ക് വലിച്ചിഴച്ചത് പത്രാധിപരെന്ന് ഷാര്‍ലി ഹെബ്ദൊ സ്ഥാപകാംഗം

മറ്റുള്ളവരെ കൂടി മരണത്തിലേക്ക് വലിച്ചിഴച്ചത് പത്രാധിപരെന്ന് ഷാര്‍ലി ഹെബ്ദൊ സ്ഥാപകാംഗം

പാരീസ്: പാരീസിലെ ഷാര്‍ലി ഹെബ്ദൊ മാഗസിന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാഗസിന്‍ എഡിറ്റര്‍ക്കെതിരെ മാസികയുടെ സ്ഥാപകരില്‍ ഒരാളായ ഹെന്‍ട്രി റൌസല്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ട പത്രാധിപര്‍ സ്‌റ്റെഫാന്‍ ചാര്‍ബോണിയറാണ് മറ്റുള്ളവരെക്കൂടി മരണത്തിലേക്ക് വലിച്ചിഴച്ചതെന്ന് ഹെന്‍ട്രി കുറ്റപ്പെടുത്തി.

കൂടുതല്‍ പ്രകോപനപരമായ കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ സ്‌റ്റെഫാന്‍ കാര്‍ട്ടൂണിസ്റ്റുകളെ നിര്‍ബന്ധിക്കുമായിരുന്നു. ഇതാണ് ദുരന്തം ക്ഷണിച്ചു വരുത്തിയതെന്ന് ഹെന്‍ട്രി പറഞ്ഞു. ഇടത് മാഗസിനായ നൗവുല്‍ ഒബ്‌സില്‍ എഴുതിയ ഒരു ലേഖനത്തിലാണ് ഹെന്‍ട്രി കൊല്ലപ്പെട്ട എഡിറ്ററെ വിമര്‍ശിച്ച് രംഗത്ത് വന്നത്. 1970 ല്‍ മാസികയുടെ ആദ്യ ലക്കം പുറത്തിറക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചയാളാണ് ഹെന്‍ട്രി.

2011 ല്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് മാഗസിന്റെ ഓഫീസില്‍ അക്രമികള്‍ തീയിട്ടു. ഇതിന് പിന്നാലെ വിവാദ കാര്‍ട്ടൂണ്‍ 2012 ല്‍ വീണ്ടും പ്രസിദ്ധീകരിച്ചു. ഇത്തരം നടപടികളില്‍ നിന്ന് പിന്‍മാറ ണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സ്‌റ്റെഫാന്‍ അതിന് തയ്യാറായില്ലെന്ന് ഹെന്‍ട്രി ആരോപിച്ചു. ആക്രമണത്തെ തുടര്‍ന്ന് പ്രവാചകന്റെ കാര്‍ട്ടൂണ്‍ മുഖചിത്രമാക്കി ഷാര്‍ലി ഹെബ്ദൊ മാസികയുടെ പുതിയ ലക്കം വിപണിയില്‍ ഇറങ്ങിയതിന് പിന്നാലെയാണ് കൊല്ലപ്പെട്ട എഡിറ്ററെ കുറ്റപ്പെടുത്തി സ്ഥാപകാംഗം തന്നെ രംഗത്ത് വന്നത്.

Scroll To Top